പരിചയം നടിച്ച് വയോധികരെയും അതിഥിത്തൊഴിലാളികളെയും കൂട്ടിക്കൊണ്ടുപോയി തട്ടിപ്പ് നടത്തുന്നയാൾ പോലീസ് പിടിയിലായി

കോഴിക്കോട്: നാട്ടിലെ പ്രധാന തട്ടിപ്പ് കേസുകളിലെ പ്രതി പിടിയിൽ. പൂവ്വാട്ടുപറമ്പ് കമ്മനമീത്തൽ കെ.പി. പ്രശാന്ത്(43) എന്ന പിത്തം പ്രശാന്താണ് പിടിയിലായത്. മെഡിക്കൽ കോളേജ് പോലീസും സിറ്റി ക്രൈം സ്‌ക്വാഡും കഴിഞ്ഞ ദിവസം നടത്തിയ സമഗ്രമായ നീക്കത്തിലാണ് പ്രതി പിടിയിലായത്. കവർച്ചകൾ നടത്തി നാട്ടിൽ നിന്ന് മുങ്ങുന്ന പ്രതി മാസങ്ങൾക്ക് ശേഷമാണ് പിന്നെ പൊങ്ങുന്നത്. കബളിപ്പിച്ച് കൈക്കലാക്കിയ ആഡംബര ബൈക്കിൽ കറങ്ങവേയാണ് ഇയാൾ പിടിയിലാകുന്നത്. തൊണ്ടയാട് ജങ്ഷനു സമീപത്തുനിന്ന് പ്രതി പോലീസിന്റെ വലയിലാകുകയായിരുന്നു.


ഇതോടെ മെഡിക്കൽ കോളേജ്, നടക്കാവ്, കൊയിലാണ്ടി, തലശ്ശേരി, കണ്ണൂർ എന്നീ സ്റ്റേഷനുകളിലെ ഏഴോളം കേസുകൾക്കാണ് തുമ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു. മദ്യത്തിനടിമയായ പ്രതി ആഡംബരജീവിതം നയിക്കാനാണ് മോഷണം പതിവാക്കിയത്. ബാറിൽനിന്നും ഹോട്ടലിൽനിന്നും ബസ് സ്റ്റാൻഡിൽനിന്നും മറ്റും പരിചയം നടിച്ച് ആളുകളെ, പ്രത്യേകിച്ച് വയോധികരെയും അതിഥിത്തൊഴിലാളികളെയും കൂട്ടിക്കൊണ്ടുപോയി പണവും മൊബൈൽഫോണും കവരുന്നതാണ് രീതി. വിവിധ ജില്ലകളിലും തമിഴ്നാട്ടിലും കേസുള്ള പ്രശാന്ത് കോയമ്പത്തൂർ ജയിലിൽനിന്ന് മാർച്ചിലാണ് പുറത്തിറങ്ങിയത്. അതിനുശേഷം തലശ്ശേരിയിലും കണ്ണൂരിലും കറങ്ങിനടന്ന് പല രീതിയിലും തട്ടിപ്പ് നടത്തുകയായിരുന്നു.

പരിചയം നടത്തിച്ച് അടുത്ത് കൂടി വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. തലശ്ശേരിയിൽ വയോധികനായ ഓട്ടോഡ്രൈവറോട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ചമഞ്ഞ് സ്വർണമോതിരമാണ് കവർന്നത്. കണ്ണൂരിൽ അതിഥിത്തൊഴിലാളികളെ ജോലിക്ക് കൊണ്ടുപോയി അവരുടെ പണവും മൊബൈലും കവർന്ന്‌ കടന്നുകളഞ്ഞു. പിന്നീട് കോഴിക്കോട്ടേക്കും കൊയിലാണ്ടിയിലേക്കും താവളം മാറ്റുകയായിരുന്നു. ശേഷം കഴിഞ്ഞ ദിവസമാണ് ഇയാൾ നാട്ടിലെത്തിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: