തിരുവനന്തപുരം: കേരളത്തിന് വീണ്ടും കേന്ദ്രസർക്കാരിന്റെ ഇരുട്ടടി. കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. ഈ സാമ്പത്തിക വർഷം കടമെടുക്കാവുന്ന തുകയിൽ നിന്നും 3,300 കോടി രൂപയാണ് കേന്ദ്രസർക്കാർ ഒറ്റയടിക്ക് വെട്ടിക്കുറച്ചിരിക്കുന്നത്. കേരളം റിഡംപ്ഷൻ ഫണ്ട് രൂപീകരിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഇപ്പോൾ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചിരിക്കുന്നത്.
കേരളത്തിന് ഈ വർഷം ഡിസംബർ വരെ കടമെടുക്കാവുന്ന തുക 29,529 കോടി രൂപയാണെന്നറിയിച്ചു കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രാലയം കത്തു നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അതിൽ നിന്നു 3,300 കോടി രൂപ വെട്ടിക്കുറയ്ക്കുമെന്ന അറിയിപ്പെത്തിയത്. റിഡംപ്ഷൻ ഫണ്ട് രൂപീകരിച്ചില്ലെന്ന കാരണം പറഞ്ഞാണ് പുതിയ നടപടി. വിവിധ സ്ഥാപനങ്ങളുടെ വായ്പയ്ക്കു സർക്കാർ ഗാരന്റി നിൽക്കുന്നതിനുള്ളതാണ് റിഡംപ്ഷൻ ഫണ്ട്. ഈ ഫണ്ട് രൂപീകരിച്ച് അതിലേക്ക് 600 കോടി രൂപ നിക്ഷേപിച്ചാലേ 3300 കോടി രൂപ കടമെടുക്കാൻ ഇനി കേന്ദ്രം അനുമതി നൽകൂ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം 21,251 കോടി രൂപയാണ് ഡിസംബർ വരെ കടമെടുക്കാൻ അനുമതി നൽകിയത്. ഇത്തവണ 29,529 കോടി രൂപ അനുവദിച്ചപ്പോൾ 8000 കോടിയിലേറെ രൂപ അധികം ലഭിക്കുന്നതിന്റെ ആശ്വാസത്തിലായിരുന്നു സർക്കാർ. സർക്കാരിന്റെ അവസാന വർഷമായതിനാൽ ചെലവുകൾ കുതിച്ചുയരുകയും ചെയ്യും. സ്വപ്നപദ്ധതികൾ പലതും പൂർത്തിയാക്കാൻ ആവശ്യത്തിനു പണം കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോഴാണ് വീണ്ടും കുറവ് വരുത്തിയത്. ബജറ്റിനു പുറത്ത് കിഫ്ബി പോലുള്ള സ്ഥാപനങ്ങൾ വഴിയെടുത്ത വായ്പയും സർക്കാർ സ്വീകരിക്കുന്ന നിക്ഷേപങ്ങളും ഒക്കെ കടമെടുക്കാവുന്ന തുകയിൽനിന്നു കുറച്ചതിനു പിന്നാലെയാണ് പുതിയ നടപടി.
സർക്കാർ ഗാരന്റിയുടെ പുറത്താണു സംസ്ഥാന സർക്കാരിനു കീഴിലെ വിവിധ സ്ഥാപനങ്ങൾ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വായ്പയെടുക്കുന്നത്. വായ്പ തിരിച്ചടച്ചില്ലെങ്കിൽ സർക്കാർ നൽകണമെന്നതാണു ഗാരന്റി. സ്ഥാപനങ്ങൾ പണം അടയ്ക്കുന്നതിനാൽ സർക്കാരിനു ബാധ്യത വരാറില്ല. ഏതെങ്കിലും സാഹചര്യത്തിൽ പണം തിരിച്ചടയ്ക്കേണ്ടി വന്നാൽ അതിനായി ഗാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. 61 സ്ഥാപനങ്ങൾക്കായി 40,000 കോടിയുടെ ഗാരന്റിയാണ് ഇപ്പോൾ സർക്കാർ നൽകിയിരിക്കുന്നത്.
