തിരുവനന്തപുരം: തലസ്ഥാനത്ത് കനത്ത മഴയെത്തുടർന്ന് രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നാല് കുടുംബങ്ങളിലെ 11 പേരെ മാറ്റി പാർപ്പിച്ചു. പ്രകൃതി ദുരന്തം മൂലം ഏപ്രിൽ ഒന്ന് മുതൽ ഇതുവരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 15 മരണങ്ങളാണ്. ഇതിൽ മിന്നലേറ്റത് മരിച്ചത് നാലുപേരാണ്. പാറ വീണ് ഒരാൾ മരിച്ചു. സംസ്ഥാനത്തുടനീളം മൂന്ന് വീടുകൾക്ക് പൂർണ്ണമായി നാശനഷ്ടം സംഭവിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് വീടുകൾ തകർന്നത്. 122 വീടുകൾക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി.
അതേസമയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.