സൗഹൃദംസ്ഥാപിച്ച് നഗ്‌നചിത്രം പകര്‍ത്തി ഭീഷണി; യുവാവില്‍ നിന്നും 60 ലക്ഷവും 61 പവനും തട്ടി, യുവതി കീഴടങ്ങി





കോട്ടയം: സൗഹൃദംസ്ഥാപിച്ച് നഗ്നചിത്രങ്ങളെടുത്തശേഷം ഭീഷണിപ്പെടുത്തി യുവാവില്‍ നിന്നും 60 ലക്ഷവും 61 പവനും തട്ടിയെടുത്ത സംഭവത്തില്‍ പ്രതിയായ യുവതി പൊലീസില്‍ കീഴടങ്ങി. കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് കോട്ടയം അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂര്‍ വീട്ടില്‍ ധന്യ അര്‍ജുന്‍ (37) കീഴടങ്ങിയത്. അമേരിക്കയില്‍ സോഫ്‌റ്റ് വെയർ എന്‍ജിനീയറായ അയല്‍വാസിയായ യുവാവിനെ ഭീഷണിപ്പെടുത്തി ധന്യ പണം തട്ടിയെന്നാണ് കേസ്.

ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നാരോപിച്ച് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ കേസില്‍ കുടുക്കിയ സംഭവത്തിലെയും പ്രധാന പ്രതിയാണ് ധന്യ.




2022 മാര്‍ച്ച് മുതല്‍ 2024 ഡിസംബര്‍ കാലയളവിലായിരുന്നു സംഭവം. ഭാര്യയുടെ പഠനസൗകര്യത്തിനായി അമ്മഞ്ചേരിയില്‍ പ്രതിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന യുവാവാണ് തട്ടിപ്പിന് ഇരയായത്. യുവാവിനോട് അടുപ്പം സ്ഥാപിച്ച ധന്യ സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തി ചിത്രങ്ങള്‍ പരാതിക്കാരന്റെ ബന്ധുക്കള്‍ക്കും മറ്റും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു. പലതവണകളായി 60 ലക്ഷം രൂപ യുവതിയും ഭര്‍ത്താവ് അര്‍ജുനും ചേര്‍ന്ന് തട്ടിയെടുത്തു. പ്രതികളുടെ സുഹൃത്തായ മണര്‍കാട് സ്വദേശി അലന്‍ തോമസും യുവാവിനെ ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നു.



പണത്തിന് പുറമെ യുവാവിന്റെ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന കുടുംബാംഗങ്ങളുടെ 61 പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തു. ഇതോടെ യുവാവ് പോലീസിന്റെ സഹായംതേടുകയായിരുന്നു. ഇതിനിടെയാണ് ധന്യ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി തള്ളിയതോടെയാണ് ഇവര്‍ പോലീസിനുമുന്നില്‍ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇവരെ കോടതിയില്‍ ഹാജരാക്കി. ഗര്‍ഭിണിയായതിനാല്‍ ഇവര്‍ക്ക് കോടതി ജാമ്യംനല്‍കി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: