തിരുവനന്തപുരം: കാപ്പ പ്രതിയെ പിടികൂടാൻ ചെന്ന പോലീസ് പോത്തന്‍കോട്ടെ വീട്ടില്‍നിന്ന് തോക്കും കഞ്ചാവും കള്ളനോട്ടുമായി മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഇടത്താട് രാംവിവേകിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് കള്ളനോട്ടും തോക്കും ഉള്‍പ്പെടെ കണ്ടെടുത്തത്. സംഭവത്തില്‍ വീട്ടിലുണ്ടായിരുന്ന രാംവിവേക്, അഭിന്‍ലാല്‍, റിഷിന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഒരു യുവതിയെ കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തശേഷം വിട്ടയച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പോത്തന്‍കോട്, നെടുമങ്ങാട് പോലീസ് സംയുക്തമായി വീട്ടില്‍ റെയ്ഡിനെത്തിയത്. ഒളിവില്‍പ്പോയ കാപ്പാ കേസ് പ്രതി അനന്തുവിനെ തേടിയാണ് ഇയാള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതിയ രാംവിവേകിന്റെ വീട്ടില്‍ പോലീസ് സംഘം പരിശോധനയ്‌ക്കെത്തിയത്. എന്നാല്‍, അനന്തു വീട്ടിലുണ്ടായിരുന്നില്ല. പക്ഷേ, വീട്ടില്‍ നടത്തിയ പരിശോധനയില്‍ കള്ളനോട്ടും കഞ്ചാവും തോക്കും കണ്ടെടുക്കുകയായിരുന്നു. ഇതോടെയാണ് രാംവിവേക് ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്ന നാലുപേരെയും കസ്റ്റഡിയിലെടുത്തത്.
എന്നാല്‍, കസ്റ്റഡിയിലെടുത്ത യുവതിയെ ചോദ്യംചെയ്തശേഷം വിട്ടയച്ചു. കള്ളനോട്ട്, കഞ്ചാവ് കേസുകളിലും തോക്ക് കൈവശംവെച്ചതിനും മറ്റുള്ളവര്‍ക്കെതിരേ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. പിടിയിലായവരെല്ലാം ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ടവരാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. പുതിയ ഓപ്പറേഷനായാണോ ഇവര്‍ രാംവിവേകിന്റെ വീട്ടില്‍ ഒത്തുചേര്‍ന്നതെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
അതിനിടെ, ഒളിവില്‍പ്പോയ കാപ്പാ കേസ് പ്രതി അനന്തുവിനെ മറ്റൊരിടത്തുനിന്ന് നെടുമങ്ങാട് പോലീസ് പിടികൂടി. ഇയാളെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കും.
