ബെംഗളൂരു: നഗര മധ്യത്തിൽ സദാചാര പൊലീസ് കളിച്ച രണ്ടപേര്‍ അറസ്റ്റിൽ. വഴിയിലൂടെ നടന്നുപോകുകയായിരുന്ന യുവാവിനെയും യുവതിയെയും തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും വിരട്ടുകയും ചെയ്ത രാമനഗര സ്വദേശികളായ അക്മൽ പാഷ, മുക്മൽ എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരു-മൈസൂരു പഴയ ദേശീയപാതയിൽ ബിഡദിയിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
മറ്റൊരു പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. സുഹൃത്തുക്കളായ യുവാവും യുവതിയും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം തടഞ്ഞുനിർത്തിയ സംഘം ചോദ്യംചെയ്യാൻ തുടങ്ങി. തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മറ്റു വ്യക്തിപരമായ വിവരങ്ങളും ആരാഞ്ഞു. യുവതിയെ കൂടുതൽ ചോദ്യംചെയ്തു. പിതാവിന്റെ പേരും വിവരങ്ങളും ചോദിച്ചു. യുവതിയുടെ മൊബൈൽ നമ്പർ പറയാനും ആവശ്യപ്പെട്ടു. യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
യുവതിയെ കുറിച്ചുള്ള വ്യക്തിപരമായ കാര്യങ്ങൾ പ്രതികൾ കുറിച്ചെടുക്കുകയും ചെയ്തു. ഇനി ഒന്നിച്ച് ഇരുവരെയും കണ്ടാൽ കസ്റ്റഡിയിലെടുക്കുമെന്നും ഭേഷണിപ്പെടുത്തി. ചോദ്യംചെയ്യുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയിരുന്നു. ഒളിവിൽക്കഴിയുന്ന യാസിനാണ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. സംഭവം വിവാദമായതോടെ ബിഡദി പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.
