പാലക്കാട് : കല്ലേക്കാട് പോലീസ് എആർ ക്യാംപിനു സമീപം വഴിയോരക്കടകൾക്ക് തീപിടിച്ച സംഭവത്തിൽ വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട അയൽവാസിയായ ഒരാൾ അറസ്റ്റിലായി. കല്ലേക്കാട് വടക്കേപ്പുര വീട്ടിൽ വി.രാധാകൃഷ്ണനാണ് (67) ആണ് അറസ്റ്റിലായത്. കടകൾ കത്തി നശിച്ചതല്ല മറിച്ച് പ്രദേശവാസി കത്തിച്ചതെന്നാണ് കണ്ടെത്തിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പോലീസ് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി പതിനൊന്നോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പച്ചക്കറികട നടത്തിയിരുന്ന പറളി തേനൂർ സ്വദേശി ഗിരിജ, ചായക്കട നടത്തിയിരുന്ന ലക്ഷ്മണൻ എന്നിവരോടുള്ള വ്യക്തിവൈരാഗ്യം കാരണമാണ് പ്രതി ഇവരുടെ കടകൾക്ക് തീയിടുകയായിരുന്നു. രണ്ട് കടകളിലേക്കും തീപ്പട്ടിക്കൊള്ളി കത്തിച്ചിടുകയായിരുന്നു. തുടർന് കടകളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെയാണ് കടകൾ പൂർണ്ണമായും കത്തിനശിച്ചത്. സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ കെ വേണുഗോപാൽ, എസ്ഐമാരായ അജാസുദ്ദീൻ, വിജയരാഘവൻ, ഉണ്ണിക്കൃഷ്ണൻ, എഎസ്ഐ ജഗദാംബിക, എസ്‌സിപിഒമാരായ സാജൻ, സുധീർ, മനീഷ്, സിപിഒമാരായ രതീഷ്, സതീഷ് എന്നിവരുൾപ്പെടെയുന്ന സംഘമാണ് കേസ് അന്വേഷിച്ചതും പ്രതിയെ പിടികൂടിയതും. അറസ്റ്റ് ചെയ്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മദ്യലഹരിയിലാണ് പ്രതി അക്രമം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
