കോയമ്പത്തൂർ: വേട്ടയാടുന്നതിനിടെ മാൻ ആണെന്ന് കരുതി യുവാവിനെ വെടിവെച്ച് കൊന്ന രണ്ട് പേർ പിടിയിൽ. തമിഴ്നാട്ടിലെ കോയമ്പത്തൂരിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് മരിച്ച യുവാവിന്റെ ബന്ധുക്കൾ തന്നെയായ രണ്ട് പേരെ പോലീസ് പിടികൂടി. ഇവർ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സുരണ്ടൈമല സ്വദേശി സഞ്ജിത്താണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട സഞ്ജിത്തും ബന്ധുക്കളായ കെ മുരുകേശൻ, പാപ്പയ്യൻ എന്നിവരും ചേർന്ന് വേട്ടയാടനായി പോയപ്പോഴായിരുന്നു ദാരുണ സംഭവം. കാരമട ഫോറസ്റ്റ് റേഞ്ചിൽ പില്ലൂർ അണക്കെട്ടിന് സമീപം അത്തിക്കടവ് വനത്തിലേക്കാണ് ഇവർ വേട്ടയ്ക്കായി പോയത്. ഇതിനിടെ സഞ്ജിത്ത് വനത്തിനകത്തേക്ക് കടക്കുകയും മാനിനെ തിരഞ്ഞു നടക്കുകയുമായിരുന്നു. എന്നാൽ കാടിനുള്ളിൽ നിന്ന് അനക്കം കേട്ടതോടെ മാൻ ആണെന്ന് കരുതി മുരുകേശനും പാപ്പയ്യനും വെടിയുതിർക്കുകയായിരുന്നു. എന്നാൽ പിന്നീട് സഞ്ജിത്ത് ആണ് മരണപ്പെട്ടതെന്ന് മനസിലാക്കിയ പ്രതികൾ ഇവിടെ നിന്നും കടന്നുകളഞ്ഞു.
സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിടെ ഇന്നലെയാണ് പ്രതികൾ അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. പാപ്പയ്യൻ ആണ് സഞ്ജിത്തിനെ വെടിവെച്ചത്. പ്രതികളുടെ പക്കൽ നിന്നും നടൻ തോക്കും കണ്ടെടുത്തു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം റിമാൻഡ് ചെയ്തു.
