കടയ്ക്കൽ : വിൽപ്പനയ്ക്കായി കഞ്ചാവ് കെെവശംവെച്ച കുറ്റത്തിന് യുവാവ് എക്സെെസിന്റെ പിടിയിൽ. കൊട്ടാരക്കര മങ്കാട് സച്ചിൻ നിവാസിൽ സച്ചിൻ (31) ആണ് എക്സെെസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 1.451 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രി ചടയമംഗലം എക്സെെസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ കടയ്ക്കൽ മാർക്കറ്റിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
കടയ്ക്കൽ മാർക്കറ്റിലും പരിസരപ്രദേശങ്ങളിലും സന്ധ്യാസമയങ്ങളിൽ ലഹരിവസ്തുക്കളുടെ കെെമാറ്റവും വിൽപ്പനയും നടക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ കുറച്ചുനാളുകളായി സച്ചിനും സുഹൃത്തുക്കളും ചേർന്ന് പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടത്തിവരികയായിരുന്നു.
അന്യസംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവ് എത്തിച്ച് ചെറു പൊതികളിലാക്കി വിൽപ്പന നടത്തുന്നതായിരുന്നു ഇവരുടെ രീതി. സംഘത്തിലെ മറ്റുള്ളവരേപ്പറ്റിയും എക്സെെസിന് വിവരം ലഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് എക്സെെസ് അറിയിച്ചു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ സനിൽകുമാർ, ബിനേഷ്, സിവിൽ എക്സെെസ് ഓഫീസർമാരായ സബീർ, ബിൻസാഗർ, ശ്രേയസ് ഉമേഷ്, നിഷാന്ത് ജെ. ആർ. സാബു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
