മുംബൈ: ട്രെയിനിലെ സഹയാത്രികരെ നവജാത ശിശുവിനെ ഏൽപ്പിച്ച് യുവതി മുങ്ങി. മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം. പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് യുവതി സഹയാത്രികരെ ഏൽപ്പിച്ചത്. ഇതിനു ശേഷം ഇവർ കടന്നുകളഞ്ഞു. തിങ്കളാഴ്ച്ചയാണ് യുവതി കുഞ്ഞിനെ ഉപേക്ഷിച്ചത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
ഹാർബർ ലൈനിൽ പൻവേലിലേക്കു പോകുന്ന ട്രെയിനിലെ യാത്രക്കാരിയാണ് സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചത്. പിഞ്ചു കുഞ്ഞും ലഗേജുമായി യാത്ര ചെയ്യുകയായിരുന്നു യുവതി. ഇതിനിടെ ഇവർ സഹയാത്രികരായയ രണ്ടു സ്ത്രീകളുമായി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചു. തനിക്കു സീവുഡ്സ് സ്റ്റേഷനിലാണ് ഇറങ്ങേണ്ടതെന്നും സഹായിക്കണമെന്നും യുവതി ഈ സ്ത്രീകളോട് പറഞ്ഞു. ഇതോടെ ജുയിനഗറിൽ ഇറങ്ങേണ്ടിയിരുന്ന സ്ത്രീകൾ യുവതിയെ സഹായിക്കാനായി ജുയിനഗറിൽ ഇറങ്ങാതെ സീവുഡ്സിലേക്ക് യാത്ര നീട്ടി.
ട്രെയിൻ സീവുഡ്സിൽ എത്തിയപ്പോൾ സ്ത്രീകൾ രണ്ടുപേരുമാണ് ആദ്യം പുറത്തിറങ്ങിയത്. യുവതി കുഞ്ഞിനെ അവർക്കു കൈമാറിയ ശേഷം ലഗേജ് എടുക്കാനെന്ന വ്യാജേന സീറ്റിനടുത്തേക്ക് പോയെങ്കിലും തിരിച്ചുവന്നില്ല. അതിനിടെ, ട്രെയിൻ ചലിച്ചുതുടങ്ങി. യുവതി അബദ്ധത്തിൽ ട്രെയിനിൽ കുടുങ്ങിയതാകുമെന്നും അടുത്ത സ്റ്റേഷനായ ബേലാപുരിൽ ഇറങ്ങി തിരിച്ചുവരുമെന്നും കരുതിയ സഹയാത്രക്കാർ കുഞ്ഞുമായി ഏറെ നേരം അവിടെ തന്നെ കാത്തിരുന്നു.
വളരെയേറെ സമയം കഴിഞ്ഞിട്ടും യുവതി എത്താതിരുന്നതോടെയാണു സ്ത്രീകൾ പൊലീസിൽ പരാതിപ്പെട്ടത്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് യുവതി പൻവേലിനു തൊട്ടുമുൻപുള്ള ഖാന്ദേശ്വർ സ്റ്റേഷനിൽ ഇറങ്ങി പുറത്തേക്കു പോയെന്നു കണ്ടെത്തി. കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞദിവസം താനെ ഭിവണ്ടിയിൽ മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ റോഡരികിൽ ബാസ്ക്കറ്റിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മാതാപിതാക്കളെ 24 മണിക്കൂറിനകം പൊലീസ് പിടികൂടിയിരുന്നു
