ഗുരുഗ്രാം: യുവ ടെന്നിസ് താരം രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. അഞ്ചുതവണയാണ് രാധികക്ക് നേരേ പിതാവ് ദീപക് യാദവ് നിറയൊഴിച്ചത്. മൂന്നു വെടിയുണ്ടകൾ രാധികയുടെ നെഞ്ച് തുളച്ചുകയറിയെന്നാണ് റിപ്പോർട്ട്. വെടിയേറ്റതിന് പിന്നാലെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിൽ രാധികയുടെ അച്ഛൻ ദീപക് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്നു രാവിലെ പത്തരയോടെ ഹരിയാനയിലെ ഗുരുഗ്രാം സെക്ടർ 57ലെ സുശാന്ത് ലേക് ഫെയ്സ് ടുവിലുള്ള രാധികയുടെ വീടിൻറെ ഒന്നാംനിലയിലാണ് കൊലപാതകം നടന്നത്. റീൽസ് നിർമിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് പിതാവ് രാധികയെ വെടിവച്ചതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.വെടിയേറ്റ രാധികയെ ബന്ധുക്കൾ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ ചികിൽസയ്ക്കിടെ രാധിക മരിച്ചു.
ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ചാണ് പൊലീസ് ആശുപത്രിയിലെത്തിയത്. ആശുപത്രിയിലുണ്ടായിരുന്ന രാധികയുടെ അമ്മാവനോട് കാര്യങ്ങൾ അന്വേഷിച്ചെങ്കിലും അദ്ദേഹം ഒന്നും സംസാരിച്ചില്ല. പിന്നീട് രാധികയുടെ വീട്ടിലെത്തിയപ്പോൾ അവിടെയുള്ളവരാണ് വെടിവയ്പ്പ് നടന്ന വിവരവും അച്ഛനാണ് വെടിവച്ചത് എന്ന കാര്യവും പറഞ്ഞതെന്ന് സെക്ടർ 57 പൊലീസ് സ്റ്റേഷനിലെ ഇൻ–ചാർജ് അറിയിച്ചു. ഇതിനുപിന്നാലെ രാധികയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഹരിയാനയിലെ അറിയപ്പെടുന്ന സംസ്ഥാനതല ടെന്നിസ് താരമാണ് രാധിക യാദവ്. ദേശീയതലത്തിലെ മൽസരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ടൂർണമെൻറുകളിൽ മൽസരിച്ചിരുന്നതിനൊപ്പം ടെന്നിസ് അക്കാദമിയും നടത്തിയിരുന്നു.
