കൊച്ചി: എറണാകുളം കോതമംഗലത്ത് വിഷം ഉള്ളില്‍ ചെന്ന് മരിച്ച അന്‍സിലിന്റേത് കൊലപാതകം എന്ന് സ്ഥിരീകരണം. ചോദ്യം ചെയ്യലില്‍ അന്‍സിലിന്റെ പെണ്‍സുഹൃത്ത് കുറ്റം സമ്മതിച്ചു. പെൺ സുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലാൻ ഉപയോഗിച്ചത് പാരക്വിറ്റ് എന്ന കീടനാശിനി.
മാലിപ്പാറയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന പെണ്‍സുഹൃത്തിന്റെ വീട്ടിലേക്ക് വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്‍സില്‍ എത്തിയത്. അടുത്തിടെ ഇരുവരുടെയും ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു.
അന്‍സിലിനെതിരെ നേരത്തെ പോലീസില്‍ യുവതി പരാതി നല്‍കുകയും ചെയ്തിരുന്നു. പിന്നീട് വീണ്ടും ഇരുവരും ഒരുമിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ അന്‍സില്‍ പോലീസിനെ വിളിച്ച് തനിക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടെന്ന വിവരം അറിയിക്കുകയായിരുന്നു
പെണ്‍ സുഹൃത്തിന്റെ വീട്ടിലായിരുന്നു ഈ സമയം അന്‍സില്‍ ഉണ്ടായിരുന്നത്. അന്‍സില്‍ വിഷം കഴിച്ചു എന്ന് അന്‍സിലിന്റെ മാതാവിനെ വിളിച്ച് യുവതിയും പറഞ്ഞു. ആപത്രിയിലേക്ക് പോകും വഴിയാണ് യുവതി വിഷം നല്‍കിയെന്ന വിവരം സാഹോദരനോട് അന്‍സില്‍ പറയുന്നത്. ഇന്നലെ രാത്രിയോടെ അന്‍സില്‍ മരിച്ചു.
ബന്ധു നല്‍കിയ പരാതിയില്‍ യുവതിക്കെതിരെ വധശ്രമത്തിന് കഴിഞ്ഞദിവസം പോലീസ് കേസ് എടുത്തിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിലാണ് വിഷമുള്ളില്‍ ചെന്നാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും വിഷം അടങ്ങിയ കുപ്പികള്‍ കണ്ടെത്തിയിട്ടുണ്ട്
