പ്രശസ്ത നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്;മരണകാരണം ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്

കൊച്ചി: പ്രശസ്ത നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ‘പ്രകമ്പനം’ എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ചാണ് നവാസിനെ ബോധരഹിതനായ നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. തുടർന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞ് റൂമിൽ വിശ്രമിക്കുന്ന സമയത്ത് രാത്രി 8.45 ഓടെയാണ് നവാസിനെ മുറിയിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുന്നത്. സോപ്പും ടവ്വലും മാറാനുള്ള വസ്ത്രങ്ങളും കിടക്കയില്‍ ഉണ്ടായിരുന്നു. കുളിക്കാനുള്ള ഒരുക്കത്തിനിടെ ഹൃദയാഘാതമുണ്ടായെന്നാണ് കരുതുന്നത്. ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

മൃതദേഹം ഇന്ന് വൈകിട്ട് നാലുമണി മുതൽ 5.30 വരെ ആലുവ ടൗൺ ജുമാമസ്ജിദിൽ പൊതുദർശനത്തിന് വെയ്ക്കും.
ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ് കലാഭവൻ നവാസ്. ഭാര്യ രെഹ്നയും സിനിമാതാരമാണ്. മറിമായം എന്ന ടിവി പരിപാടിയിലെ കോയ എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയനായ നിയാസ് ബക്കറാണ് സഹോദരൻ. ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകവെയാണ് നവാസിൻറെ വിയോഗം. ഇന്നും നാളെയും ഷൂട്ടിംഗ് ഇല്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നടൻ.

കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെയാണ് നവാസ് കലാരംഗത്ത് സജീവമായത്. 1995-ൽ ‘ചൈതന്യം’ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ‘മിസ്റ്റർ ആൻഡ് മിസ്സിസ്’, ‘മിമിക്സ് ആക്ഷൻ 500’, ‘ഏഴരക്കൂട്ടം’, ‘ജൂനിയർ മാൻഡ്രേക്ക്’, ‘ഹിറ്റ്ലർ ബ്രദേഴ്സ്’, ‘ബസ് കണ്ടക്ടർ’, ‘കിടിലോൽ കിടിലം’, ‘മായാജാലം’, ‘മീനാക്ഷി കല്യാണം’, ‘മാട്ടുപ്പെട്ടിമച്ചാൻ’, ‘അമ്മ അമ്മായിയമ്മ’, ‘മൈ ഡിയർ കരടി’, ‘ചന്ദാമാമ’, ‘വൺമാൻ ഷോ’, ‘തില്ലാന തില്ലാന’, ‘വെട്ടം’, ‘ചക്കരമുത്ത്’, ‘ചട്ടമ്പിനാട്’, ‘തത്സമയം ഒരു പെൺകുട്ടി’, ‘മൈലാഞ്ചി മൊഞ്ചുള്ള വീട്’, ‘മേരാനാം ഷാജി’ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: