ആലപ്പുഴ: ആലപ്പുഴയിൽ നിർമ്മാണത്തിലിരുന്ന കീച്ചേരിൽകടവ് പാലത്തിന്റെ സ്പാൻ തകർന്നുണ്ടായ അപകടത്തിൽ കാണാതായ തൊഴിലാളികളിൽ ഒരാൾ മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ബിനു (42) ആണ് അപകടത്തിൽ മരിച്ചത്. മാവേലിക്കര കല്ലുമല സ്വദേശി രാഘവ് കാർത്തിക് (24) എന്നയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്
ചെന്നിത്തല-ചെട്ടികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പാലം ഏകദേശം മൂന്ന് വർഷമായി നിർമ്മാണത്തിലാണ്. ഇന്നലെ ഉച്ചയോടെയാണ് പാലത്തിന്റെ നടുഭാഗത്തുള്ള ഒരു ബീം തകർന്ന് അപകടമുണ്ടായത്. അപകടസമയത്ത് ഏഴ് തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. ഇതിൽ അഞ്ചുപേർ നീന്തി രക്ഷപ്പെട്ടു. കാണാതായ രണ്ടുപേരിൽ ബിനുവിന്റെ മൃതദേഹം അപകടസ്ഥലത്തുനിന്ന് ഏകദേശം 50 മീറ്റർ അകലെ നിന്നാണ് കണ്ടെത്തിയത്. മന്ത്രി സജി ചെറിയാൻ, യു. പ്രതിഭ എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിൽ മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. രാഘവ് കാർത്തിക്കിനായുള്ള തിരച്ചിൽ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് അതേ സ്ഥലത്ത് തുടരുകയാണ്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. നിർമ്മാണത്തിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുത്തിരുന്നോ എന്നും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
