തിരുവനന്തപുരം:കർണാടകയിലും മഹാരാഷ്ട്രയിലുമെല്ലാം ബിജെപിക്കുവേണ്ടി നടത്തിയ കള്ളക്കളിയെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരം പറയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാഹുൽ പറഞ്ഞ കാര്യങ്ങൾ തെറ്റാണെങ്കിൽ, അദ്ദേഹത്തെ ശിക്ഷിക്കണമെന്നും ഇല്ലെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ രാജിവയ്ക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപിക്കുവേണ്ടി സ്തുതിപാടുന്നവരെ മാത്രം ഉയർത്തിക്കാട്ടി എല്ലാ സ്ഥാപനങ്ങളെയും അവരുടെ കയ്യിലെ കളിപ്പാവയാക്കുന്നതിനെതിരെയുള്ള ജനങ്ങളുടെ പോരാട്ടങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നിലുണ്ടാകുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. വെളിയം ഭാർഗവൻ നഗറിൽ (പുത്തരിക്കണ്ടം മൈതാനം) നടന്ന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ അരുൺ കെ എസ് സ്വാഗതം പറഞ്ഞു. മന്ത്രി ജി ആർ അനിൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ രാജൻ എന്നിവർ പ്രസംഗിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി റെഡ് വോളണ്ടിയർ മാർച്ചും പതിനായിരങ്ങൾ അണിനിരന്ന ബഹുജനറാലിയും നടന്നു. റാലിയെ തുടർന്ന് നാല് മണിക്കൂർ നഗരത്തിൽ വൻ ഗതാഗത തടസം നേരിട്ടു.
പ്രതിനിധി സമ്മേളനം ഇന്നും നാളെയുമായി വഴുതക്കാട് ടാഗോർ തിയേറ്ററിൽ നടക്കും. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, ജെ ചിഞ്ചുറാണി, നേതാക്കളായ സത്യൻ മൊകേരി, രാജാജി മാത്യു തോമസ്, കെ ആർ ചന്ദ്രമോഹൻ, സി പി മുരളി തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിലെ 17 മണ്ഡലം സമ്മേളനങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 410 പ്രതിനിധികൾ പങ്കെടുക്കും. നാളെ വൈകിട്ട് സമ്മേളനം സമാപിക്കും
