മലപ്പുറം: തിരൂരിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോയ വാഹനം മദ്യപിച്ച് ഓടിച്ച ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) ഉദ്യോഗസ്ഥർ പിടികൂടി. വാഹന പരിശോധനക്കിടെയാണ് ഡ്രൈവറായ സഫ്‌വാൻ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു.
തലക്കടത്തൂരിന് സമീപം എം.വി.ഡി. നടത്തിയ പതിവ് വാഹനപരിശോധനയിലാണ് സംഭവം. പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇയാൾ നിരോധിത പുകയില ഉത്പന്നങ്ങളും ഉപയോഗിച്ചിരുന്നതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ എം.വി.ഡി. ഉദ്യോഗസ്ഥരായ അരുൺ, മുഹമ്മദ് ഷാ എന്നിവർ അതേ വാഹനം ഓടിച്ച് വിദ്യാർത്ഥികളെ അവരുടെ വീടുകളിൽ സുരക്ഷിതമായി എത്തിച്ചു. കുട്ടികളുടെ ജീവൻ അപകടത്തിലാക്കിയ ഡ്രൈവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
