ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വീണ്ടും എണ്ണിയപ്പോൾ ഹരിയാനയിലെ ഒരു സർപഞ്ച് തിരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർത്ഥിക്ക് വിജയം. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്ന് നടന്ന റീ-കൗണ്ടിങ്ങിലാണ് അപ്രതീക്ഷിത ഫലം പുറത്തുവന്നത്. ഇതോടെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ സുപ്രീം കോടതി, പരാജിതനായ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചു.
ഹരിയാനയിലെ പാനിപ്പത്ത് ജില്ലയിലെ ബുആന ലഖു ഗ്രാമപഞ്ചായത്ത് സർപഞ്ച് തിരഞ്ഞെടുപ്പിലാണ് ഈ അപൂർവ സംഭവം നടന്നത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർത്ഥി കോടതിയെ സമീപിച്ചതിനെത്തുടർന്ന്, കോടതി രജിസ്ട്രാർ ജനറലിന്റെ മേൽനോട്ടത്തിൽ EVM-ലെ വോട്ടുകൾ വീണ്ടും എണ്ണാൻ സുപ്രീം കോടതി ഉത്തരവിട്ടു. വീണ്ടും എണ്ണിയപ്പോൾ, നേരത്തെ വിജയിയായി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെക്കാൾ 51 വോട്ടുകൾ കൂടുതൽ ഹർജിക്കാരന് ലഭിച്ചതായി കണ്ടെത്തി.
ഇലക്ഷൻ ട്രൈബ്യൂണലിന്റെ അന്തിമ വിധിക്ക് വിധേയമായി, ഹർജിക്കാരനെ തിരഞ്ഞെടുക്കപ്പെട്ട സർപഞ്ചായി പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനകം വിജ്ഞാപനം പുറത്തിറക്കാൻ പാനിപ്പത്തിലെ ഇലക്ഷൻ ഓഫീസറോട് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദിപങ്കർ ദത്ത, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. ഒരു ബൂത്തിൽ സംഭവിച്ച പിഴവാണ് ഈ ആശയക്കുഴപ്പത്തിന് കാരണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് റിട്ടേണിങ് ഓഫീസറുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവാണെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, നേരത്തെ വിജയിച്ച സ്ഥാനാർത്ഥിക്ക് ഇതിൽ പങ്കില്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ വീണ്ടും വോട്ടെണ്ണുകയാണ് ഏറ്റവും ഉചിതമായ പരിഹാരമെന്നും കോടതി കൂട്ടിച്ചേർത്തു.
