രോഗിയായ അമ്മയെ ഉപേക്ഷിക്കാൻ പറഞ്ഞ ഭർത്താവിനെ ഉപേക്ഷിച്ച് നടി ലൗലി ബാബു

പത്തനാപുരം: രോഗിയായ അമ്മയെ ഉപേക്ഷിക്കാൻ പറഞ്ഞ ഭർത്താവിനെ ഉപേക്ഷിച്ച് കലാകാരിയും നടിയുമായ ലൗലി ബാബു. വാർധക്യസഹജമായ അസുഖങ്ങളാൽ പ്രയാസപ്പെടുന്ന അമ്മയെ ചേർത്തുപിടിക്കുകയാണ് ലൗലി ബാബു. തന്റെ ജീവിതം പോലും കളഞ്ഞുകൊണ്ടാണ് പത്തനാപുരം ഗാന്ധിഭവനിൽ അമ്മയോടൊപ്പം ലൗലി ബാബു കഴിയുന്നത്.

ചേർത്തല എസ്.എൽ. പുരം കുറുപ്പ് പറമ്പിൽ കുഞ്ഞമ്മ പോത്തനു(98)മായി മകൾ ഗാന്ധിഭവനിൽ എത്തിയത് 2024 ജൂലൈ 16 നായിരുന്നു. 18 വയസ്സുമുതൽ നാടകാഭിനയം ജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടന്ന ലൗലി, അമ്പതോളം നാടകങ്ങളിലും സീരിയലുകളിലും സിനിമകളിലും അഭിനയിച്ചു. ലൗലിയുടെ ഭർത്താവിന് കുഞ്ഞമ്മ പോത്തനെ ഇഷ്ടമല്ലായിരുന്നു. കൂടെ കഴിയണമെങ്കിൽ അമ്മയെ ഉപേക്ഷിച്ചു വരാൻ നിർബന്ധിച്ചു. എന്നാൽ, ഏകമകളായ ലൗലി അമ്മയെ ഉപേക്ഷിച്ച് ഒരു ജീവിതം വേണ്ടെന്നു വച്ചു. അങ്ങനെയാണ് ഗാന്ധിഭവനിൽ അഭയം തേടിയത്.

ഭർത്താവിന്റെ വാശിക്ക് മുൻപിൽ നാടകവും സിനിമയുമൊക്കെ ലൗലി ഉപേക്ഷിച്ചിരുന്നു. ദ ഗിഫ്റ്റ് ഓഫ് ഗോഡ് ആണ് ലൗലി ആദ്യം അഭിനയിച്ച സിനിമ. നാല് പെണ്ണുങ്ങൾ, ഭാഗ്യദേവത, മേരിക്കുണ്ടൊരു കുഞ്ഞാട്, തന്മാത്ര, പുതിയ മുഖം, പ്രണയം, വെനീസിലെ വ്യാപാരി തുടങ്ങിയ സിനിമകളിലും അമ്പതോളം നാടകങ്ങളിലും സീരിയലുകളിലും ലൗലി ബാബു വേഷമിട്ടിട്ടുണ്ട്.

‘മക്കളെയും കൊച്ചു മക്കളെയും പൊന്നുപോലെ വളർത്തി. വലുതായപ്പോൾ അവർ ഭർത്താവിന്റെ വാക്കുകൾക്ക് മൗന സമ്മതം മൂളി. ഇപ്പോൾ ഞാനും അമ്മയും ഇവിടെ ഇങ്ങനെ കഴിയുന്നു’ -ഓർമകൾ അയവിറക്കുമ്പോൾ ലൗലിയുടെ വാക്കുകൾ ഇടമുറിഞ്ഞു. എല്ലാവർക്കും വാർധക്യം ഉണ്ടെന്ന് ഓർമിപ്പിക്കുമ്പോൾ, തിരശീലക്ക് പിന്നിൽ അവർ ജീവിതത്തോട് പോരാടുകയാണവർ

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: