Headlines

ഡൽഹിയിൽ നവജാത ശിശുക്കളെ വിൽക്കുന്ന ‘കുട്ടി’ബസാർ; ആൺകുട്ടിക്ക് 8 ലക്ഷം, പെൺകുട്ടിക്ക് പകുതി വില, വൻ മാഫിയ പിടിയിൽ

രാജസ്ഥാനിലും ഗുജറാത്തിലും ഉള്ള നിർധനരായ ദമ്പതികളിൽ നിന്ന് നവജാത ശിശുക്കളെ വാങ്ങി ഡൽഹിയിലെ നിസ്സഹായരായ കുട്ടികളില്ലാത്ത ദമ്പതികൾക്ക് ലക്ഷങ്ങൾക്ക് വിൽക്കുന്ന വൻ മനുഷ്യക്കടത്ത് സംഘത്തെ ഡൽഹി പോലീസ് പിടികൂടി.

കേവലം നാലോ അഞ്ചോ ദിവസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് ഇത്തരത്തിൽ കടത്തിയിരുന്നത്. മനുഷ്യക്കടത്തുകാർ, കുട്ടികളില്ലാത്ത ദമ്പതികൾ, ഒരു ആശുപത്രി ഉടമ എന്നിവരാണ് ഈ ക്രൂരമായ സംഭവത്തിലെ പ്രധാന കണ്ണികൾ.
പെൺകുട്ടികൾക്ക് മൂന്ന് മുതൽ നാല് ലക്ഷം രൂപ വരെയും ആൺകുട്ടികൾക്ക് ആറ് മുതൽ എട്ട് ലക്ഷം രൂപ വരെയുമായിരുന്നു സംഘം വിലയിട്ടിരുന്നത്. മധ്യ ഡൽഹിയിലെ പഹർഗഞ്ചിൽ ഒരു സ്ത്രീ കൃത്യമായ ഇടവേളകളിൽ വ്യത്യസ്ത കുഞ്ഞുങ്ങളുമായി വരുന്നത് ശ്രദ്ധയിൽപ്പെട്ട ഒരു പ്രദേശവാസി നൽകിയ രഹസ്യവിവരമാണ് ഈ റാക്കറ്റിലേക്ക് പോലീസിനെ നയിച്ചത്. ഈ പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചും ഹ്യൂമൻ ഇന്റലിജൻസ് സജീവമാക്കിയും നടത്തിയ അന്വേഷണത്തിനൊടുവിൽ ജ്യോതി എന്ന കമലേഷ് എന്ന സ്ത്രീയെ പോലീസ് തിരിച്ചറിഞ്ഞു. തുടർന്ന് കുഞ്ഞിനെ വാങ്ങാനെന്ന വ്യാജേന ഒരു വനിതാ പോലീസ് ഓഫീസർ ഇവരുമായി ബന്ധപ്പെട്ടു. തുടർന്ന് ഇരുപതിനായിരം രൂപ ടോക്കൺ തുകയായി നിശ്ചയിച്ച് ജൂൺ 5 ന് കുഞ്ഞിനെ കൈമാറാൻ എത്തിയ കമലേഷിനെ പോലീസ് സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു.

പിന്നിൽ വൻ റാക്കറ്റ്
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെ മോഷ്ടിക്കുകയോ വാങ്ങുകയോ ചെയ്ത് മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലെ ദമ്പതികൾക്ക് വിൽക്കുന്ന അന്തർസംസ്ഥാന റാക്കറ്റിന്റെ വിവരങ്ങൾ പുറത്തുവന്നത്. കമലേഷിന്റെ ചോദ്യം ചെയ്യലിലൂടെ ഇവരുടെ കൂട്ടാളികളായ ശാലു, ലളിത് എന്നിവരിലേക്കും പിന്നീട് കുഞ്ഞുങ്ങളെ സംഭരിക്കുന്നതിലും വിൽപ്പന നടത്തുന്നതിലും പങ്കാളികളായ പ്രതിഭ, വിപിൻ എന്നിവരിലേക്കും പോലീസ് എത്തി
ഇടനിലക്കാരനെ കാണാൻ പോകുന്നതിനിടയിൽ പിടിയിലായ പ്രതിഭയുടെയും വിപിന്റെയും പക്കൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപ പോലീസ് കണ്ടെടുത്തു. തുടർന്ന് നടത്തിയ രണ്ട് ആഴ്ച നീണ്ട വിശദമായ ചോദ്യം ചെയ്യലിലൂടെ ഒരു മാസത്തിൽ താഴെ പ്രായമുള്ള 5 കുഞ്ഞുങ്ങളെ പോലീസ് വീണ്ടെടുത്തു

തട്ടിപ്പ് ആശുപത്രി കേന്ദ്രീകരിച്ച്
രോഹിണിയിലെ ബേഗംപൂരിലുള്ള ഹീരാസ് മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലാണ് ഈ മനുഷ്യക്കടത്തിന്റെ പ്രധാന കേന്ദ്രമെന്ന് അന്വേഷണത്തിൽ വ്യക്തമായി. ആശുപത്രി ഉടമയായ ഡോക്ടർ വിവേകിയാണ് ഈ റാക്കറ്റിന്റെ പ്രധാന സൂത്രധാര. കുഞ്ഞുങ്ങളെ വാങ്ങാൻ എത്തുന്ന ദമ്പതികൾക്ക് കൈമാറുന്നത് വരെ ഈ ആശുപത്രിയിലാണ് താമസിപ്പിച്ചിരുന്നത്. കുഞ്ഞുങ്ങൾ ഈ ആശുപത്രിയിലാണ് ജനിച്ചതെന്ന് വരുത്തിത്തീർക്കാൻ ജനന സർട്ടിഫിക്കറ്റുകൾ, ഡെലിവറി രേഖകൾ, ഇൻവോയ്‌സുകൾ എന്നിവയെല്ലാം ഇവിടെ വ്യാജമായി നിർമ്മിച്ചു നൽകി. കുഞ്ഞുങ്ങളെ വാങ്ങാൻ എത്തുന്നവരും മനുഷ്യക്കടത്തുകാരും തമ്മിലുള്ള ഇടനിലക്കാരിയായി പ്രവർത്തിച്ചതും ഡോക്ടർ വിവേകിയാണ്
പെൺകുട്ടികളെ ഒരു ലക്ഷം രൂപയ്ക്ക് വാങ്ങി മൂന്ന് മുതൽ നാല് ലക്ഷം രൂപയ്ക്കും ആൺകുട്ടികളെ രണ്ട് ലക്ഷം രൂപയ്ക്ക് വാങ്ങി ആറ് മുതൽ എട്ട് ലക്ഷം രൂപയ്ക്കുമാണ് വിറ്റിരുന്നത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗുജറാത്തിലെ സബർകന്തയിൽ നിന്ന് സബാഭായ് ഗമർ എന്ന കാലിയയെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയപൂർ സ്വദേശിയായ ഇയാൾ രാജസ്ഥാനിലെ പാലിയിലും സബർകന്തയിലുമുള്ള നിർധനരായ ദമ്പതികളിൽ നിന്ന് കുഞ്ഞുങ്ങളെ വാങ്ങി ഡോക്ടർ വിവേകിയുടെ ആശുപത്രി വഴി വിൽപ്പന നടത്തുകയായിരുന്നു. കുഞ്ഞുങ്ങളെ മാതാപിതാക്കൾ സ്വമേധയാ വിറ്റതാണോ അതോ നിർബന്ധിതരായി വിറ്റതാണോ അല്ലെങ്കിൽ മോഷ്ടിക്കപ്പെട്ടതാണോ എന്ന് കണ്ടെത്താൻ ഇവരുടെ യഥാർഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സ്വമേധയാ കുട്ടികളെ വിറ്റതാണെന്ന് തെളിഞ്ഞാൽ മാതാപിതാക്കളെയും കേസിൽ പ്രതികളാക്കുമെന്ന് സെൻട്രൽ ഡിസ്ട്രിക്റ്റ് ഡി സി പി രോഹിത് രാജ്ബീർ സിംഗ് അറിയിച്ചു
ഒരു വർഷത്തിനിടെ വിറ്റത് 30ഓളം കുരുന്നുകളെ
കഴിഞ്ഞ ഒരു വർഷത്തിനിടെ മുപ്പതോളം കുഞ്ഞുങ്ങളെ ഈ സംഘം കടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഹരിയാനയിലെ പാനിപ്പത്തിൽ നിന്ന് കുഞ്ഞിനെ വാങ്ങിയ സണ്ണി അറോറ, റിതു അറോറ ദമ്പതികളെയും മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്ന് കുഞ്ഞിനെ വാങ്ങിയ മറ്റൊരു ദമ്പതികളെയും പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെയും കേസിൽ പ്രതികളാക്കും. ഒരു സംഭവത്തിൽ ആൺകുട്ടിയെ ആവശ്യപ്പെട്ട ദമ്പതികൾക്ക് തങ്ങളുടെ പക്കലുണ്ടായിരുന്ന പെൺകുട്ടിയെക്കൂടി ചേർത്ത് ഇരട്ടക്കുട്ടികളാണെന്ന് വിശ്വസിപ്പിച്ച് ഒമ്പത് ലക്ഷം രൂപയ്ക്ക് സംഘം വിറ്റിരുന്നു.
അറസ്റ്റിലായ കമലേഷും പ്രതിഭയും മുൻപും മനുഷ്യക്കടത്ത് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. ഹീരാസ് മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന പ്രതിഭയാണ് ആശുപത്രിയും മാഫിയയും തമ്മിലുള്ള പ്രധാന കണ്ണി. ഗുരുഗ്രാമിൽ വീട്ടുജോലി ചെയ്തിരുന്ന ഓംവതി എന്ന സ്ത്രീയും കുഞ്ഞുങ്ങളെ സംഭരിക്കുന്ന ശൃംഖലയുടെ ഭാഗമായിരുന്നു. സബ് ഇൻസ്പെക്ടർമാരായ പ്രഗതി, യാമിനി, ഹെഡ് കോൺസ്റ്റബിൾ സുഷമ എന്നീ മൂന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നിർണായക പങ്കിനെ ഡി സി പി പ്രത്യേകം അഭിനന്ദിച്ചു. രക്ഷപ്പെടുത്തിയ അഞ്ച് കുഞ്ഞുങ്ങളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സി ഡബ്ലിയു സി) കൈമാറുകയും നിലവിൽ അവർ പാല്ന കേന്ദ്രത്തിന്റെ സംരക്ഷണയിലുമാണ്.

You cannot copy content of this page

Social media & sharing icons powered by UltimatelySocial