നീറ്റ്-യുജി 2026 പുനഃപരീക്ഷ ഇന്ന് ജൂൺ 21-ന് (ഞായർ ) നടക്കും. ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 5.15 വരെയാണ് പരീക്ഷാ സമയം. വിദ്യാർത്ഥികളുടെ സുഗമമായ വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനായി 15 മിനിറ്റ് അധിക സമയം അനുവദിച്ചിട്ടുണ്ട്. പരീക്ഷാ ഹാളിലേക്ക് കർശനമായി നിയന്ത്രിക്കപ്പെട്ട ചില വസ്തുക്കൾ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. പരീക്ഷാ ദിവസം വിദ്യാർത്ഥികൾ പാലിക്കേണ്ട പ്രധാന മാർഗനിർദേശങ്ങൾ താഴെ നൽകുന്നു.
കഴിഞ്ഞ മേയ് 3-നാണ് നീറ്റ് യുജി പരീക്ഷ ആദ്യം നടന്നത്. എന്നാൽ ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും പുറത്തുവന്നതിനെ തുടർന്ന് പരീക്ഷ റദ്ദാക്കുകയായിരുന്നു. നാളെ നടക്കുന്ന പുനഃപരീക്ഷയിൽ യാതൊരുവിധ അനിഷ്ട സംഭവങ്ങളും ഉണ്ടാകാതിരിക്കാൻ നാഷണൽ ടെസ്റ്റിങ് ഏജൻസി അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഡ്രസ് കോഡ് (വസ്ത്രധാരണം)
ലളിതമായ വസ്ത്രങ്ങൾ: കട്ടി കുറഞ്ഞതും ലളിതവുമായ വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഉചിതം. കട്ടിയുള്ള വസ്ത്രങ്ങളോ ഫുൾ സ്ലീവ് വസ്ത്രങ്ങളോ ധരിക്കാൻ അനുവാദമുണ്ടെങ്കിലും, കർശനമായ പരിശോധനകൾക്കായി ഇങ്ങനെയുള്ളവർ പരീക്ഷാ കേന്ദ്രത്തിൽ വളരെ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്.
പാദരക്ഷകൾ: ചെരിപ്പുകളും കുറഞ്ഞ ഹീലുള്ള പാദരക്ഷകളും ധരിക്കാം. ഹൈ ഹീൽസ് ധരിച്ചെത്തുന്നവർ കൂടുതൽ സുരക്ഷാ പരിശോധനകൾക്ക് വിധേയരാകേണ്ടി വരും.
ആചാരപരമായ വസ്ത്രങ്ങൾ: മതപരമോ അല്ലാത്തതോ ആയ പ്രത്യേക ആചാര വസ്ത്രങ്ങൾ/വസ്തുക്കൾ ധരിക്കുന്ന വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിൽ നിശ്ചിത സമയത്തിന് മുൻപ് എത്തിച്ചേരണം. പരീക്ഷയുടെ സുതാര്യത ഉറപ്പാക്കിക്കൊണ്ട് തടസമില്ലാതെ ശരീരപരിശോധന പൂർത്തിയാക്കാൻ വേണ്ടിയാണ് ഈ നിർദേശം.
പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കാത്ത സാധനങ്ങൾ
സ്റ്റേഷനറി സാമഗ്രികൾ: ജ്യോമെട്ര ബോക്സ്, പെൻസിൽ ബോക്സ്, ഇൻസ്ട്രുമെന്റുകൾ, പഴ്സ്, ഹാൻഡ്‌ബാഗ്, യാതൊരുവിധ പേപ്പറുകൾ, അച്ചടിച്ചതോ എഴുതിയതോ ആയ പുസ്തകങ്ങൾ/സാമഗ്രികൾ.
ഭക്ഷണസാധനങ്ങൾ: തുറന്നതോ പാക്ക് ചെയ്തതോ ആയ ഭക്ഷണങ്ങൾ അനുവദിക്കില്ല. എന്നാൽ പ്രമേഹബാധിതരായ വിദ്യാർത്ഥികൾക്ക് മുൻകൂട്ടി അറിയിച്ചതിന് ശേഷം പഴങ്ങൾ (ആപ്പിൾ, ഓറഞ്ച്, ഏത്തപ്പഴം), ഷുഗർ ടാബ്‌ലെറ്റുകൾ, സുതാര്യമായ വാട്ടർ ബോട്ടിൽ എന്നിവ കരുതാം. ചോക്ലേറ്റ്, മിഠായികൾ, സാൻഡ്‌വിച്ച് തുടങ്ങിയ പാക്ക് ചെയ്ത ഭക്ഷണങ്ങൾ ഇവർക്കും അനുവദനീയമല്ല.
ഇലക്ട്രോണിക് ഉപകരണങ്ങൾ: മൊബൈൽ ഫോൺ, ഇയർഫോൺ, മൈക്രോഫോൺ, പേജർ, കാൽക്കുലേറ്റർ, ഡോക്യു പെൻ, സ്ലൈഡ് റൂളുകൾ, ലോഗ് ടേബിളുകൾ, ക്യാമറ, ടേപ്പ് റെക്കോർഡർ, കാൽക്കുലേറ്റർ സൗകര്യമുള്ള ഇലക്ട്രോണിക് വാച്ചുകൾ, ലോഹ വസ്തുക്കൾ അല്ലെങ്കിൽ മറ്റ് ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ.
ആഭരണങ്ങളും മറ്റ് ആക്സസറികളും: ബ്രോച്ചുകൾ, പൂക്കൾ, ബാഡ്ജുകൾ എന്നിവ ധരിക്കരുത്. കമ്മലുകൾ, മൂക്കുത്തി, മാലകൾ, പെൻഡന്റുകൾ, കൈച്ചെയിനുകൾ തുടങ്ങിയ ലോഹ ആഭരണങ്ങൾ പൂർണമായും ഒഴിവാക്കണം. വാച്ചുകൾ, ബ്രേസ്‌ലെറ്റുകൾ എന്നിവയും അനുവദിക്കില്ല.
കൂടെക്കരുതേണ്ടവ (നിർബന്ധമായും ഉണ്ടായിരിക്കേണ്ട രേഖകൾ)
പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിപ്പിച്ച നീറ്റ് യുജി അഡ്മിറ്റ് കാർഡ്
അറ്റൻഡൻസ് ഷീറ്റിൽ പതിപ്പിക്കുന്നതിനായി ഒരു അധിക പാസ്‌പോർട്ട് സൈസ് ഫോട്ടോ.
ഒറിജിനൽ തിരിച്ചറിയൽ രേഖ (ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവയിൽ ഏതെങ്കിലും ഒന്ന്).
PwBD സർട്ടിഫിക്കറ്റ് (ബാധകമാണെങ്കിൽ).
വൈറ്റ് പശ്ചാത്തലമുള്ള, പോസ്റ്റ്കാർഡ് സൈസ് (4” X 6”) കളർ ഫോട്ടോ. ഇത് അഡ്മിറ്റ് കാർഡിനൊപ്പം ഡൗൺലോഡ് ചെയ്ത പ്രൊഫോർമയിൽ ഒട്ടിച്ച് പരീക്ഷാ ഹാളിലെ ഇൻവിജിലേറ്റർക്ക് കൈമാറേണ്ടതാണ്.
പ്രത്യേക ശ്രദ്ധക്ക്
പരീക്ഷാ സമയത്ത് വിദ്യാർത്ഥികൾ തികച്ചും ശാന്തരായിരിക്കാനും ഒഎംആർ ഷീറ്റ് അതീവ ശ്രദ്ധയോടെ പൂരിപ്പിക്കാനും എൻടിഎ നിർദേശിക്കുന്നു. ഒഎംആർ ഷീറ്റിലെ ചെറിയൊരു തെറ്റുപോലും മാർക്ക് നഷ്ടപ്പെടാൻ കാരണമായേക്കാം. അവസാന നിമിഷത്തെ തിരക്കുകൾ ഒഴിവാക്കാൻ പരീക്ഷാ കേന്ദ്രത്തിൽ നിശ്ചിത സമയത്തിന് മുൻപ് തന്നെ എത്തിച്ചേരുക. കൂടുതൽ വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റ് ആയ neet.nta.nic.in പതിവായി സന്ദർശിക്കേണ്ടതാണ്.


