മുസാഫർപൂർ (ബിഹാർ): പ്രണയവിവാഹത്തിന്റെ പേരിൽ ബിഹാറിലെ മുസാഫർപൂരിൽ 19 വയസ്സുകാരിയെ സ്വന്തം കുടുംബാംഗങ്ങൾ ക്രൂരമായി കൊലപ്പെടുത്തിയ ദുരഭിമാനക്കൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ യുവതിയുടെ ഭർത്താവ് സോഷ്യൽ മീഡിയയിലൂടെ നടത്തിയ വൈകാരികമായ പോരാട്ടമാണ് കൊലപാതകത്തിന്റെ ചുരുളഴിക്കാൻ സഹായിച്ചത്.
കഴിഞ്ഞ ജനുവരിയിലായിരുന്നു സുജാതയും ഗൗരിശങ്കറും തമ്മിലുള്ള വിവാഹം നടന്നത്. സ്വന്തം ജാതിക്ക് പുറത്തുള്ള ആളായതിനാൽ സുജാതയുടെ വീട്ടുകാർ ഈ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു. എന്നാൽ എതിർപ്പുകളെല്ലാം അവഗണിച്ച് ഇരുവരും ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് മാർച്ച് 31-നാണ് സുജാതയെ ദുരൂഹ സാഹചര്യത്തിൽ കാണാതാവുന്നത്.
സോഷ്യൽ മീഡിയ വീഡിയോ വഴിത്തിരിവായി
സുജാതയെ കാണാതായതിനെ തുടർന്ന് ഭർത്താവ് ഗൗരിശങ്കർ പോലീസിൽ പരാതി നൽകിയെങ്കിലും ആദ്യഘട്ടത്തിൽ കാര്യമായ അന്വേഷണം നടന്നില്ല. ‘തങ്ങൾക്ക് ഇതിൽ പങ്കില്ലെന്ന’ നിലപാടിലായിരുന്നു പെൺകുട്ടിയുടെ വീട്ടുകാർ. രണ്ട് മാസത്തോളം ഭാര്യയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നതോടെ ഗൗരിശങ്കർ സോഷ്യൽ മീഡിയയെ അഭയം പ്രാപിച്ചു. തനിക്ക് നീതി ലഭിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകുന്ന ഇയാളുടെ വൈകാരികമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെയാണ് കേസിൽ പോലീസിന് മേൽ സമ്മർദ്ദമേറിയത്.
ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; മൃതദേഹം നദിക്കരയിൽ കരിച്ചു
തുടർന്ന് പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ സുജാതയുടെ സഹോദരൻ പിടിയിലാവുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ജാതി മാറി വിവാഹം കഴിച്ചതിലുള്ള വൈരാഗ്യം മൂലം സുജാതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം ബുധി ഗണ്ഡക് നദിക്കരയിൽ എത്തിച്ച് കത്തിച്ചുകളയുകയും ചെയ്തു.
കൊലപാതകത്തിൽ സുജാതയുടെ സഹോദരനെ കൂടാതെ അഞ്ചിലധികം കുടുംബാംഗങ്ങൾക്ക് നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലത്തുനിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്. ഒളിവിൽ പോയ മറ്റ് പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.


