ശബരിമലയിലെ മില്‍മ നെയ്യ് ഇടപാട്; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി



കൊച്ചി: ശബരിമലയിലെ മില്‍മ നെയ്യ് ഇടപാടില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. നെയ്യ് ഇടപാടില്‍ പ്രഥമദൃഷ്ട്യാ ഗുരുതര ക്രമക്കേടുകളുണ്ടെന്ന് വിലയിരുത്തിയാണ് നടപടി. വിജിലന്‍സ് എസ്‌ഐടി രൂപീകരിച്ച് കേസെടുത്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

ഇ-ടെന്‍ഡര്‍ ഉപേക്ഷിച്ച് ഉയര്‍ന്ന വിലയ്ക്ക് മില്‍മയില്‍ നിന്ന് നെയ്യ് വാങ്ങിയതില്‍ സംശയമുണ്ടെന്നും കമ്മീഷണറുടെ എതിര്‍പ്പ് അവഗണിച്ചാണ് മില്‍മയില്‍ നിന്ന് നെയ്യ് വാങ്ങാനുള്ള തീരുമാനമെന്നും കോടതി ചൂണ്ടിക്കാട്ടി. 1.61 ലക്ഷം ലിറ്റര്‍ നെയ്യ് മുഴുവന്‍ സന്നിധാനത്ത് എത്തിയോ എന്നതിലും സംശയം. ലഭിച്ച നെയ്യിന്റെ ഗുണനിലവാരം സ്വതന്ത്രമായി പരിശോധിച്ചില്ല. ഗതാഗതം, കണക്കുകള്‍, ബാച്ച് നമ്പറുകള്‍ എന്നിവയില്‍ ഗുരുതര പൊരുത്തക്കേടുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

താഴ്ന്ന നിലവാരത്തിലുള്ള നെയ്യ് ഉപയോഗിച്ചിരിക്കാനുള്ള സാധ്യതയും അന്വേഷിക്കണം. ദേവസ്വം ബോര്‍ഡിന് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടാകാമെന്നാണ് നിരീക്ഷണം. ഒരു മാസത്തിനകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കണം. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: