വർക്കല : തിരുവനന്തപുരം വർക്കലയില്‍ വറ്റ മത്സ്യം കഴിച്ചവരില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സ തേടിയവരില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വന്നിരുന്ന വർക്കല സ്വദേശി മരണപ്പെട്ടു.
ചിലക്കൂർ ഗ്രാലികുന്ന് തൈക്കാവില്‍ വീട്ടില്‍ സുധീർ (40) ആണ് മരിച്ചത് . ഭക്ഷ്യവിഷബാധ ആണെന്നാണ് ആശുപത്രിയില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുള്ള വിവരം. മത്സ്യതൊഴിലാളി കൂടിയാണ് മരിച്ച സുധീർ. ബോട്ടില്‍ മത്സ്യ ബന്ധനത്തിന് പോകാറുണ്ട്.
സുധീറിന്റെ ബോട്ടില്‍ മത്സ്യം ലഭിക്കാത്തതിനെ തുടർന്ന് മറ്റൊരു ബോട്ടില്‍ ലഭിച്ച 25കിലോ തൂക്കം വരുന്ന 28 ഓളം മത്സ്യം വാങ്ങിയാണ് സുധീറും കുടുംബവും ഉപയോഗിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബർ 28നാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സുധീറിനെ വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ആരോഗ്യ നില വഷളായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലെറ്ററിലേക്ക് മാറ്റിയിരുന്നു.
ചികിത്സയില്‍ ഇരിക്കെ ഇന്ന് രാവിലെ 9.30 ഓടെയാണ് മരണം ആശുപത്രി അധികൃതർ സ്ഥിതീകരിച്ചത്. സുധീറിന്റെ കുടുംബത്തിലെ ബന്ധുക്കള്‍ക്കും അലർജിയും ആരോഗ്യ പ്രശ്നങ്ങളും നേരിട്ടിരുന്നു. ബന്ധുവായ മുഹമ്മദ് ഹാഷിമിനെ അന്നേ ദിവസം പാരിപ്പള്ളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റല്‍ വിട്ടു.
ഒക്ടോബർ 26 മുതല്‍ പെരുമാതുറ, മുതലപ്പൊഴി ഭാഗത്ത് വറ്റ മത്സ്യത്തിന്റെ ചാകരയുണ്ടായിരുന്നു. തുടർന്ന് വിപണിയില്‍ നിന്നും മത്സ്യം വാങ്ങി ഉപയോഗിച്ച ചിലർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടുള്ളതാണെന്നും മത്സ്യം വാങ്ങുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഭക്ഷ്യയോഗ്യമായ മത്സ്യങ്ങള്‍ മാത്രമേ വാങ്ങി ഉപയോഗിക്കാവൂ എന്നും കർശന ജാഗ്രത പുലർത്തണമെന്നും വർക്കല നഗരസഭ ജാഗ്രതാ നിർദേശം പുറത്തിറക്കിയിരുന്നു. തുടർന്ന് തീരദേശ മേഖലയായ വെട്ടൂർ പഞ്ചായത്ത് പരിധിയില്‍ വറ്റ മത്സ്യത്തിന്റെ വില്പന പഞ്ചായത്തും ആരോഗ്യ വിഭാഗവും പോലീസിന്റെ സഹായത്തോടെ തടഞ്ഞിരുന്നു.
മത്സ്യത്തിന്റെ മുട്ടയും മറ്റും ഒക്കെ പാകം ചെയ്ത് ഭക്ഷിച്ചവർക്ക് ആണ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായത് എന്നുള്ള വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വറ്റ മത്സ്യം വൻ തോതില്‍ ശേഖരിച്ചവർ മത്സ്യം കേടാകാതെ ഇരിക്കാൻ രാസവസ്തുക്കള്‍ ചേർത്ത് ആണോ വില്പന നടത്തിയത് എന്നുള്ള ആശങ്കയും ഉയർന്നിരുന്നു.
എന്നാല്‍ വറ്റ മത്സ്യം 20-25 കിലോ ഭാരം വരുന്നത് ആണ് വില്പനയ്ക്ക് എത്തിയിരുന്നത്. ഈ മത്സ്യം ഇറച്ചി വില്ക്കുന്നവരുടെ അടുത്ത് എത്തിച്ചു കട്ട് ചെയ്ത് ആണ് പലരും ഉപയോഗിച്ചത്. സുധീറും അങ്ങനെയാണ് ഉപയോഗിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ഇറച്ചിയും മാത്സ്യവും ഒക്കെ ഒരുമിച്ച് മുറിച്ചു വൃത്തിയാക്കുമ്പോള്‍ രക്തം കലരുന്നത് പലപ്പോഴും അലർജിക്ക് ഇടയാക്കും എന്നുള്ള കാര്യവും ആരോഗ്യവിഭാഗവും പോലീസും വ്യക്തമാക്കുന്നുണ്ട്.
കൊച്ചിയിലെ കേന്ദ്ര മത്സ്യസാങ്കേതിക ഗവേഷണ സ്ഥാപനത്തില്‍ വിപണിയില്‍ എത്തിയ മത്സ്യത്തിന്റെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരാൻ ഇരിക്കെ ആണ് മത്സ്യതെഴിലാളിയുടെ മരണം സംഭവിച്ചിട്ടുള്ളത്. സുധീറിന്റെ മൃതദേഹം ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആണ്. പോസ്റ്റുമാർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും


