വെമ്പായം: നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒഴുക്കില്‍പ്പെട്ട കുറ്റിയാണി സ്വദേശി വിദ്യാധരൻ്റെത് സംശയിക്കുന്ന മൃതദേഹം മാമം നദിയിൽ കണ്ടെത്തി.ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ വേറ്റിനാട് – കുറ്റിയാണി റോഡില്‍ ചിറക്കോണം തോടിന്റെ കൈവഴിയിലായിരുന്നു അപകടം. വിവാഹസല്‍ക്കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം പന്തലക്കോട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ വിദ്യാധരനും മുന്‍ പഞ്ചായത്ത് അംഗമായ ഭാര്യ ലതാകുമാരിയും സ്വന്തം ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ശക്തമായ മഴയില്‍ തോട് നിറഞ്ഞു കവിഞ്ഞ് റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലായിരുന്നു. ഈ സമയം സ്ഥലത്തെത്തിയ ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു.
പിന്‍സീറ്റിലുണ്ടായിരുന്ന ലതാകുമാരി റോഡിലേക്ക് തെറിച്ചുവീണു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്നാണ് ലതാകുമാരിയെ രക്ഷപ്പെടുത്തിയത്. എന്നാല്‍ വിദ്യാധരന്‍ വാഹനത്തോടൊപ്പം ഒരാള്‍പ്പൊക്കത്തില്‍ വെള്ളമുള്ള തോട്ടിലേക്ക് താഴ്ന്നു. ശക്തമായ ഒഴുക്കില്‍പ്പെട്ട ഓട്ടോറിക്ഷ കുറച്ചകലെയെത്തി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും കുത്തിയൊഴുകുന്ന വെള്ളം വില്ലനായി.


