ഓട്ടോറിക്ഷ തോട്ടിലേയ്ക്ക് മറിഞ്ഞ് ഒഴുക്കില്‍പ്പെട്ട് കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് 17 കിലോമീറ്റർ അകലെ നിന്നും

തിരുവനന്തപുരം: വേറ്റിനാട് ഓട്ടോറിക്ഷ തോട്ടിലേയ്ക്ക് മറിഞ്ഞ് ഒഴുക്കില്‍പ്പെട്ട് കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി.

കുറ്റിയാണി സ്വദേശിയായ വിദ്യാധരൻ (67) ആണ് മരിച്ചത്. മൂന്ന് ദിവസത്തെ തെരച്ചിലിനൊടുവിലാണ് ഇന്ന് രാവിലെയോടെ 17 കിലോമീറ്റർ അകലെ അറ്റിങ്ങല്‍ മുദാക്കല്‍ കട്ടിയാട് പാലത്തിന് സമീപമുള്ള കൈതക്കാടുകള്‍ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച വൈകിട്ട് 6.30 ഓടെ വേറ്റിനാട് കുറ്റിയാണി റോഡിലായിരുന്നു അപകടം നടന്നത്. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം ഓട്ടോറിക്ഷയില്‍ മടങ്ങിവരികയായിരുന്നു വിദ്യാധരനും ഭാര്യയും. കനത്ത മഴയില്‍ റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത വിധം വെള്ളം കയറിയതോടെ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു. ഭാര്യയും വെമ്പായം ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ ലതാകുമാരിയെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ ശക്തമായ ഒഴിക്കില്‍പ്പെട്ട് വിദ്യാധരനെ കാണാതാകുകയായിരുന്നു.

തുടർന്ന് ഫയർഫോഴ്സും സ്കൂബാ ടീമും പൊലീസും നാട്ടുകാരും സംയുക്തമായി തിരച്ചില്‍ നടത്തിയെങ്കിലും വിദ്യാധരനെ കണ്ടെത്താനായിരുന്നില്ല. ഇതോടെ കൂടുതല്‍ സ്കൂബാ ടീമിനെ ദൗത്യത്തില്‍ ഉള്‍പ്പെടുത്തി തെരച്ചില്‍ ഊർജിതമാക്കിയിരുന്നു. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: