പോത്തൻകോട് : കെഎസ്‌ആര്‍ടിസി ബസ്ടെര്‍മിനല്‍ നവീകരണത്തിന്‍റെ ഭാഗമായി രണ്ടു മാസത്തേക്ക് അടച്ചിടാൻ പഞ്ചായത്ത് അവലോകന യോഗത്തില്‍ തീരുമാനമായി.
പ്രസിഡന്‍റ് ടി.ആര്‍.അനില്‍കുമാറിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തീരുമാനം. ടെര്‍മിനലിനുള്ളല്‍ നിലവിലെ ടാര്‍ ഇളക്കിമാറ്റി നിരപ്പാക്കി കമ്പി കെട്ടി കോണ്‍ക്രീറ്റ് ചെയ്യാനാണ് പുതിയ പദ്ധതി.
ചൊവ്വാഴ്ച മുതല്‍ ടെര്‍മിനല്‍ അടച്ചിടാനാണ് തീരുമാനിച്ചതെങ്കിലും ഒരാഴ്ച കൂടി വൈകുമെന്ന് പഞ്ചായത്തധികൃതര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 35 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണം നടത്തുന്നതെന്ന് ജില്ലാ പഞ്ചായത്തംഗം കെ.വേണുഗോപാലൻ നായര്‍ പറഞ്ഞു.
ആറു പ്രധാന റോഡുകള്‍ ഒന്നിക്കുന്ന പോത്തൻകോട് ജംഷനില്‍ ബസുകള്‍ക്ക് വന്നു പോകുന്നതിനും, നിര്‍ത്തിയിടുന്നതിനും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും പഞ്ചായത്ത് കമ്മിറ്റിയില്‍ തീരുമാനമായി.
ടെര്‍മിനല്‍ അടച്ചിടുമ്പോള്‍ ഗതാഗതകുരുക്ക് ഉണ്ടാകാതാരിക്കാൻ ജംഷനിലെ മറ്റു പാര്‍ക്കിങ്ങുകള്‍ ഒഴിവാക്കുമെന്ന് പോത്തൻകോട് എസ്‌എച്ച്‌ഒ ഡി.മിഥുൻ പറഞ്ഞു. വികാസ് ഭവൻ, സിറ്റി, പേരൂര്‍ക്കട, കണിയാപുരം, ആറ്റിങ്ങല്‍, കിളിമാനൂര്‍, വെഞ്ഞാറമൂട്, പുനലൂര്‍, ചടയമംഗലം തുടങ്ങിയ ഡിപ്പോകളില്‍ നിന്നും മുന്നൂറോളം സര്‍വീസുകളാണ് ദിനംപ്രതി ടെര്‍മിനലില്‍ വന്നു പോകുന്നത്.
ജനപ്രതിനിധികള്‍ക്കു പുറമേ, പഞ്ചായത്ത്, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗ്സഥര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.
*സ്‌റ്റോപ്പുകളുടെ ക്രമീകരണം*
1. വെഞ്ഞാറമൂട് ഭാഗത്ത് നിന്ന് ബൈപാസ് വഴിയും , ചെമ്പഴന്തി വഴിയും പോകുന്ന വാഹനങ്ങള്‍ എം.ടി. തിയേറ്ററിനു എതിര്‍വശം യാത്രക്കാരെ ഇറക്കുകയും കാട്ടായിക്കോണം റോഡില്‍ പെട്രോള്‍ പമ്പിന് എതിര്‍ വശം യാത്രക്കാരെ കയറ്റി പോകേണ്ടതുമാണ്.
2. മുരുക്കുംപുഴ ഭാഗത്ത് നിന്നും നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന ബസ് നിലവിലെ ബസ് സ്റ്റാൻഡിന്‍റെ പ്രവേശന കവാടത്തില്‍ യാത്രക്കാരെ ഇറക്കുകയും മേലേമുക്ക് ചന്തയ്ക്കു സമീപത്ത് നിന്നും യാത്രക്കാരെ കയറ്റി പോകേണ്ടതുമാണ്.
3. നെടുമങ്ങാട് നിന്ന് മുരുക്കുംപുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മേലേമുക്ക് സ്റ്റോപ്പിലും, യുപിഎസിന് മുൻ വശത്തുള്ള സ്റ്റോപ്പില്‍ യാത്രക്കാരുമായി പോകേണ്ടതാണ്.
4. ബൈപാസ്, ചെമ്പഴന്തി ഭാഗങ്ങളില്‍ നിന്ന് വെഞ്ഞാറമൂട്ടിലേക്ക് പോകേണ്ട ബസുകള്‍ രാഹുല്‍ ഏജൻസിക്ക് മുൻ വശത്തെ സ്റ്റോപ്പില്‍ യാത്രക്കാരെ ഇറക്കി എച്ച്‌കെ തിയേറ്ററിന് എതിര്‍വശത്ത് ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റേണ്ടതുമാണ്.
5. അയിരൂപ്പാറ വഴി വരുന്ന ബസുകള്‍ ക്രസന്‍റ് ഓഡിറ്റോറിയം കഴിഞ്ഞ് വാട്ടര്‍ ടാങ്കിന് എതിര്‍ വശത്തും ഐലൻഡ് റൗണ്ട് ചെയ്ത് ബസ് ടെര്‍മിനലിന് എതിരെയും യാത്രക്കാരെ ഇറക്കുകയും തിരികെ അയിരൂപ്പാറ റോഡില്‍ വാട്ടര്‍ ടാങ്കിന് സമീപം നിര്‍ത്തി യാത്രക്കാരെ കയറ്റി പോകേണ്ടതുമാണ്.
6. ചെമ്പഴന്തി ഭാഗത്ത് നിന്ന് വരുന്ന പോത്തൻകോട് ബസുകള്‍ രാഹുല്‍ ഏജൻസിക്ക് മുൻവശം യാത്രക്കാരെ ഇറക്കി പെട്രോള്‍ പമ്പിന് എതിരെയുള്ള സ്റ്റോപ്പില്‍ നിര്‍ത്തിയിട്ട് യാത്രക്കാരെ കയറ്റി പോകേണ്ടതാണ്.
7. അണ്ടൂര്‍ക്കോണം, കണിയാപുരം ഭാഗത്തേക്ക് പോകുന്ന ബസുകള്‍ ടെര്‍മിനലിന് മുൻപില്‍ യാത്രക്കാരെ ഇറക്കുകയും പോലീസ് സ്റ്റേഷൻ റോഡിനിന്നും യാത്രക്കാരെ കയറ്റേണ്ടതുമാണ്.

