കോഴിക്കോട് : ബിജെപി സംസ്ഥാന അധ്യക്ഷൻ
കെ സുരേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം. സിപിഐഎം സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുത്ത മത നേതാക്കളെ വാർത്താ സമ്മേളനത്തിൽ അധിക്ഷേപിച്ചെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ വിമർശിച്ചു. ഊശാൻ താടിക്കാരും മറ്റേ താടിക്കാരും അരിപ്പത്തൊപ്പിക്കാരും എന്നും മതനേതാക്കളെ വിശേഷിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ. മുസ്ലിം വിരുദ്ധത പടർത്തി സമൂഹത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നത് സുരേന്ദ്രൻ രാഷ്ട്രീയ പരിപാടി ആക്കിയെന്നും പി മോഹനൻ കുറ്റപ്പെടുത്തി.
വായിൽത്തോന്നുന്നത് വിളിച്ചുപറയുന്ന വർഗീയവാദിയുടെ ജൽപ്പനങ്ങളായി പ്രസ്താവനയെ തള്ളിക്കളയാനാകില്ലെന്ന് പി മോഹനൻ പറയുന്നു. പ്രത്യേക മതവിഭാഗത്തെ പരിഹസിക്കുന്നതും അവർക്കെതിരായി വിദ്വേഷം പരത്തുന്നതുമായ കെ സുരേന്ദ്രന്റെ പരാമർശങ്ങൾ അപലപനീയമാണെന്ന് സിപിഐഎം പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. വർഗീയവിദ്വേഷം പരത്തുന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധമുയർത്തണമെന്ന് ജനാധിപത്യശക്തികളോട് സിപിഐഎം ആവശ്യപ്പെട്ടു.
