സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ ഒരുക്കി ദേവസ്വം ബോർ‍‍ഡ്; പുതിയ പദ്ധതിക്ക് നാളെ തുടക്കം

ശ​ബരിമല: സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ ഒരുക്കി തിരുവിതാംകൂർ ദേവസ്വം ബോർ‍‍ഡ്. തുടക്കത്തിൽ നടപ്പന്തലിലും പരിസരങ്ങളിലും ലഭ്യമാകുന്ന സൗജന്യവൈഫൈ പദ്ധതിക്ക് നാളെ തുടക്കമാവും. ഒരു സിമ്മിൽ നിന്ന് ആദ്യ അരമണിക്കൂർ സൗജന്യം എന്ന നിലയിലാണ് വൈഫൈ സൗകര്യമൊരുക്കുന്നത്. ഡിസംബർ 30 മുതൽ സന്നിധാനത്തെ 15 കേന്ദ്രങ്ങളിലും സൗജന്യ വൈഫൈ സൗകര്യം ലഭ്യമാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.

മകരവിളക്ക് ഉത്സവത്തിനായി നടതുറക്കുമ്പോൾ അയ്യപ്പഭക്തർക്ക് ഈ കേന്ദ്രങ്ങളിലെല്ലാം വൈഫൈ സേവനം ലഭ്യമകുന്ന തരത്തിലുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു. ബി.എസ്.എൻ.എല്ലുമായി സഹകരിച്ച് ശബരിമല സന്നിധാനത്തും പരിസരങ്ങളിലുമായി 15 ഇടങ്ങളിലാണ് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിന് സൗജന്യ വൈഫൈ സേവനം ഒരുക്കുന്നത്. ദേവസ്വം വക മൂന്ന് സ്റ്റാഫ് ക്വാർട്ടേഴ്സുകളിലും സൗജന്യ വൈഫൈ ലഭിക്കും. 100 എംബിപിഎസ് ആണ് വേഗത. ആദ്യ അരമണിക്കൂർ സൗജന്യമായി ഉപയോഗിക്കാം. തുടർന്ന് ഒരു ജിബിക്ക് ഒൻപത് രൂപ നിരക്കിൽ ഈടാക്കും.

നടപ്പന്തൽ, താമസ കേന്ദ്രങ്ങൾ, ആശുപത്രി തുടങ്ങി പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം വൈഫൈ സൗകര്യമൊരുക്കും. കാനന ക്ഷേത്രമെന്ന നിലയിൽ പരിമിതിയുണ്ടെങ്കിലും ദിവസവും ഒരുലക്ഷത്തോളം ജനങ്ങൾ എത്തുന്ന ഇടമെന്ന നിലയിൽ ആധുനിക ശാസ്ത്രസാങ്കേതിക സൗകര്യങ്ങൾ ഭക്തർക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ദേവസ്വം ബോർഡ് നടപടിയെന്നു പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: