ഓട്ട മത്സരത്തിന് തയ്യാറെടുക്കുന്നതിനിടെ ഹൃദയാഘാതം മൂലം 14 കാരനു ദാരുണാന്ത്യം



ലഖ്‌നൗ: സ്കൂളിലെ ഓട്ടമത്സരത്തിന് തയ്യാറെടുക്കുന്നതിനിടെ ഹൃദയാഘാതം മൂലം 14-കാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ അലിഗർ ജില്ലയിൽ സിറൗളി ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് ദാരുണസംഭവം നടന്നത്. മോഹിത് ചൗധരി എന്ന പതിന്നാലുകാരനാണ് സ്കൂളിലെ കായിക മത്സരത്തിന് പരിശീലിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി മരണപ്പെട്ടത്.


സുഹൃത്തുക്കളോടൊപ്പം ആദ്യരണ്ട് റൗണ്ട് ഓടിക്കഴിഞ്ഞതിനു പിന്നാലെയാണ് മോഹിത്തിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ കുഴഞ്ഞുവീണുകയും ചെയ്തു. ഒട്ടുംവൈകാതെ സമീപ്ത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വഴിമധ്യേ മരണംസംഭവിക്കുകയായിരുന്നു. ഡിസംബർ ഏഴിനാണ് സ്കൂളിലെ കായികമത്സരം നിശ്ചയിച്ചിരുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ വാഹനാപകടത്തിൽ മോഹിത്തിന്റെ അച്ഛൻ മരണപ്പെട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ മാസം അറാനാ ഗ്രാമത്തിലും ഓട്ടത്തിനിടെ ഇരുപതുകാരിയായ മമത എന്ന പെൺകുട്ടി ഹൃദയാഘാതത്താൽ മരിച്ച വാർത്ത പുറത്തുവന്നിരുന്നു. ലോധി നഗറിൽ നിന്നും സമാനസംഭവം റിപ്പോർട്ട് ചെയ്തിരുന്നു. സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ എട്ടുവയസ്സുകാരി ഹൃദയാഘാതത്താൽ മരണപ്പെട്ട വാർത്തയായിരുന്നു അത്.

കോച്ചിങ് ക്ലാസ്സിലിരിക്കുന്നതിനിടെ ഇൻഡോറിൽ നിന്നുള്ള പതിനെട്ടുകാരൻ മരിച്ച സംഭവവും ഈയടുത്താണ് പുറത്തുവന്നത്. അടുത്തിടെയായി യുവാക്കൾക്കിടയിലെ ഹൃദയാഘാതനിരക്ക് വർധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ മാത്രം ഹൃദ്രോഗസംബന്ധമായ രോഗങ്ങൾ കാരണം മരണപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻവർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് അടുത്തിടെ സർക്കാർ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഹൃദയാഘാത മരണങ്ങൾ മൂന്നു വർഷം കൊണ്ട് കുത്തനെ ഉയർന്നുവെന്നാണ് കണക്കുകളിലുള്ളത്. 2020-ൽ 28,759 2021-ൽ 28,413 2022-ൽ 32,457 എന്നിങ്ങനെയാണ് കണക്കുകൾ. നിരന്തരം ചെക്കപ്പുകൾ നടത്തുകയും ഹൃദയാരോഗ്യം പരിശോധിക്കുകയും ചെയ്യണമെന്നാണ് വിദഗ്ധർ പറയുന്നത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: