Headlines

പിതാവിനെ പത്തൊൻപതുകാരൻ കൊലപ്പെടുത്തി; മൃതദേഹം വെട്ടിനുറുക്കി ഒളിപ്പിച്ചു; പ്രകോപനമായത് നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കണമെന്ന പിതാവിന്റെ നിര്‍ബന്ധം




ലഖ്നൗ: പിതാവിനെ പത്തൊൻപതുകാരൻ വെടിവെച്ച്‌ കൊലപ്പെടുത്തി. ലഖ്നൗവിലെ സ്വകാര്യ പാത്തോളജി ലാബ് ഉടമയായ മാൻവേന്ദ്ര പ്രതാപ് സിങ്ങാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് മകൻ അക്ഷത് പ്രതാപ് സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുക്കണമെന്ന് പിതാവ് തുടർച്ചയായി സമ്മർദം ചെലുത്തിയതിനെ തുടർന്നുണ്ടായ തർക്കമാണ് പിതാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

2018-ല്‍ അമ്മയുടെ മരണത്തെ തുടർന്ന് അക്ഷത് പിതാവിനും സഹോദരിക്കുമൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരി 20 മുതല്‍ മാൻവേന്ദ്ര സിങ്ങിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ മകൻ അക്ഷതിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങള്‍ പുറത്തുവന്നത്.

പ്ലസ് ടു തലത്തില്‍ ബയോളജി പഠിച്ചിരുന്ന അക്ഷത് നിലവില്‍ ബി.കോം വിദ്യാർഥിയാണെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ മകൻ ഡോക്ടറാകണമെന്ന ആഗ്രഹത്തില്‍ പിതാവ് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ നിരന്തരം നിർബന്ധിക്കുകയും ഇതുസംബന്ധിച്ച്‌ വീട്ടില്‍ വാക്കുതർക്കങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു. സംഭവദിവസവും ഇതേ വിഷയത്തില്‍ തർക്കം ഉണ്ടായതായാണ് പൊലീസ് നിഗമനം.

കൊലപാതകത്തിന് ശേഷം തെളിവുകള്‍ മറയ്ക്കാൻ ശ്രമങ്ങള്‍ നടത്തിയതായും പൊലീസ് അറിയിച്ചു. വീടിനുള്ളില്‍നിന്നും പരിസരപ്രദേശങ്ങളില്‍നിന്നും നിർണായക തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും തുടർനിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും ഡി.സി.പി വിക്രാന്ത് വീർ അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: