Headlines

അഞ്ചു വയസുകാരനെ വെട്ടിക്കൊല്ലുകയും കുഞ്ഞിന്റെ അമ്മയെ കൊലപ്പെടുത്താൻ ശ്രമം നടത്തുകയും ചെയ്ത അസം സ്വദേശിയായ 19 കാരൻ കുറ്റക്കാരനെന്ന് തെളിഞ്ഞു



തൃശൂര്‍: അഞ്ചു വയസുകാരനെ വെട്ടിക്കൊല്ലുകയും കുഞ്ഞിന്റെ അമ്മയെ കൊലപ്പെടുത്താൻ ശ്രമം നടത്തുകയും ചെയ്ത അസം സ്വദേശിയായ 19 കാരൻ കുറ്റക്കാരനെന്ന് തെളിഞ്ഞു. 2023 മാർച്ച് 30ന് മുപ്ലിയത്തെ ഐശ്വര്യ കോണ്‍ക്രീറ്റ് ബ്രിക്‌സ് കമ്പനിയിൽ വെച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ നജ്മ ഖാത്തൂണ്‍, അച്ഛന്‍ ബഹാരുള്‍ എന്നിവര്‍ ബ്രിക്‌സ് കമ്പനിയിലെ ജോലിക്കാരായിരുന്നു. കമ്പനിയില്‍ തന്നെയായിരുന്നു ഇവർ താമസിച്ചിരുന്നത്. നജ്മയുടെ വല്യമ്മയുടെ മകനായ പ്രതി ജമാല്‍ ഹുസൈന്‍ അവിടേക്ക് സംഭവത്തിന്റെ തലേ ദിവസമാണ് വന്നത്. നാട്ടിലെ സ്വത്ത് തര്‍ക്കം മൂലം നജ്മയോടും കുടുംബത്തോടും വൈരാഗ്യമുണ്ടായിരുന്ന പ്രതി അത് കാണിക്കാതെ നജ്മയോടും കുടുംബത്തോടു ഒപ്പം രാത്രി കഴിയുകയും പിറ്റേ ദിവസം രാവിലെ നജ്മയുടെ ഭര്‍ത്താവും മറ്റു പണിക്കാരും ജോലിക്കായി ഫാക്ടറിയില്‍ കയറിയ ഉടനെ അടുക്കളയില്‍ ജോലി ചെയ്തിരുന്ന നജ്മയെ വെട്ടുകത്തി ഉപയോഗിച്ച് തലയിലും കൈകളിലും വെട്ടി പരിക്കേല്‍പ്പിക്കുകയും ഭക്ഷണം കഴിച്ചിരുന്ന അഞ്ചു വയസുകാരന്‍ മകന്‍ നജുറുള്‍ ഇസ്ലാമിനെ കഴുത്തില്‍ വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു. ഇതിനു ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ജോലിക്കാരാണ് പൊലീസിനെ ഏല്‍പ്പിച്ചത്.

വരന്തരപ്പിള്ളി പൊലീസിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല. പഴുതടച്ച അന്വേഷണം നടത്തിയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും വിസ്തരിച്ച 22 സാക്ഷികളും 40 രേഖകളും 11ഓളം തൊണ്ടിമുതലുകളും പ്രതിക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സഹായകമായി. പ്രതിയുടെ വയസ് ശിക്ഷ നല്‍കുന്നതിന് തടസമാകരുതെന്നും സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരത ചെയ്ത പ്രതി സമൂഹത്തിന് വിപത്താണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ലിജി മധു വാദിച്ചു. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലിജി മധു എന്നിവര്‍ ഹാജരായി. ഈ മാസം 17നാണ് കേസിലിന്റെ ശിക്ഷാവിധി നടക്കുക.





Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: