സുൽത്താൻബത്തേരി: 22കാരനായ മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന പിതാവിനെ പൊലീസ് കസ്റ്റിഡിയലെടുത്തു. കതവാക്കുന്ന് തെക്കേക്കര വീട്ടിൽ ശിവദാസ് ആണ് പിടിയിലായത്. മകൻ അമൽദാസ് തിങ്കളാഴ്ച രാവിലെ തലക്കടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. കേളക്കവല ഷെഡ് പരിസരത്തുനിന്നുമാണ് ശിവദാസനെ പിടികൂടിയതെന്നാണ് വിവരം. രാവിലെ എട്ടുമണിയോടെയാണ് അമൽദാസിനെ കൊല്ലപ്പെട്ട നിലയിൽ വീട്ടിൽ കണ്ടെത്തിയത്.
പന്തികേട് തോന്നിയ സഹോദരി വിളിച്ചറിയിച്ചതനുസരിച്ച് അയൽവാസികളും വാർഡ് അംഗവും എത്തിപരിശോധിക്കുകയായിരുന്നു. കൃത്യത്തിന് ഉപയോഗിച്ചുവെന്ന് കരുതുന്ന കോടാലി സമീപത്ത് നിന്ന് കേണിച്ചിറ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിന് ശേഷം കാണാതായ പിതാവ് ശിവദാസന് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതപ്പെടുത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായിരിക്കുന്നത്. ബത്തേരി ഡിവൈ.എസ്.പി അബ്ദുൽ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല.
വഴക്കിനിടെ പിതാവിന്റെ ആക്രമണത്തിലാണ് അമൽദാസ് കൊല്ലപ്പെട്ടതെന്നാണ് സൂചന. പിതാവ് ശിവദാസനെ പൊലീസ് അന്വേഷിച്ചുവരികയാണ്. ആക്രമിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കോടാലി വീട്ടുമുറ്റത്ത് നിന്നും കണ്ടെത്തി. അമൽദാസിന്റെ അമ്മയും സഹോദരിയും വേറെ വീട്ടിലാണ് താമസം. രാവിലെ അമൽദാസിനെ ഫോണിൽ വിളിച്ച സഹോദരി സംശയാസ്പദമായ ശബ്ദങ്ങൾ കേട്ടതായി പറയുന്നു. അൽപ്പനേരം കഴിഞ്ഞ് വിളിച്ചപ്പോൾ അമൽദാസ് ഫോൺ എടുത്തില്ലെന്നും പറയുന്നു. സഹോദരി ഫോണിൽ വിളിച്ച് അറിയിച്ചതനുസരിച്ച് സമീപവാസികളിൽ ചിലർ ചെന്നുനോക്കിയപ്പോഴാണ് ദാരുണരംഗം കണ്ടത്.


