വണ്ടിപ്പെരിയാര്‍: വണ്ടിപ്പെയാറില്‍ പാമ്പുകടിയേറ്റ കുട്ടി മരിച്ചു. കാലില്‍ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിച്ച കുട്ടിയെ പാമ്പ് കടിച്ചതാണെന്ന് പോസ്റ്റുമോര്‍ട്ടത്തിലാണ് കണ്ടെത്തിയത്. പശുമല എസ്റ്റേറ്റില്‍ പരേതരായ അയ്യപ്പന്റെയും ഗീതയുടെയും ഇളയമകന്‍ സൂര്യ(11)യാണ് മരിച്ചത്. ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.
രണ്ടുദിവസം മുന്‍പ് കളിക്കുന്നതിനിടെയാണ് കുട്ടിയുടെ കാലിന് പരിക്കേറ്റത്. കുട്ടി ഇത് ആരോടും പറഞ്ഞില്ല. ഞായറാഴ്ചയായപ്പോഴേക്കും അസ്വസ്ഥതകളുണ്ടായി. വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനിടെ നില വഷളായി. ഉടന്‍തന്നെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
സൂര്യയുടെ മാതാപിതാക്കള്‍ അര്‍ബുദം ബാധിച്ചാണ് മരിച്ചത്. ഏക സഹോദരി ഐശ്വര്യയുടെയും ഭര്‍ത്താവിന്റെയും സംരക്ഷണത്തിലായിരുന്നു കുട്ടി. തിങ്കളാഴ്ച തേനി മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

