ബാറിലെ പരിചയത്തിൽ ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു, യാത്രക്കിടെ വാഹന ഉടമയെ തടഞ്ഞ് ആക്രമണം; യുവാവിനും വെട്ടേറ്റു



തിരുവനതപുരം: വിഴിഞ്ഞത്തിന് സമീപം ചൊവ്വരയിൽ ഇരുചക്ര വാഹന യാത്രക്കാരനെ വഴിയിൽ തടഞ്ഞ് നടത്തിയ ആക്രമണത്തിൽ, ലിഫ്റ്റ് ചോദിച്ച് പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്ന യുവാവിനും വെട്ടേറ്റു.  ലിഫ്റ്റ് ചോദിച്ചുകയറിയ മലപ്പുറം ഇടപ്പാൾ സ്വദേശിയും നിലവിൽ വെങ്ങാനൂർ മുട്ടയ്ക്കാട് താമസിക്കുന്നയാളുമായ വിഷ്ണുവി (31)നാണ് വലതു കൈക്ക് വെട്ടേറ്റത്. വാഹനമോടിച്ച ചൊവ്വര സ്വദേശി അപ്പുവിനും (26) പരിക്കുണ്ട്.

സംഭവത്തിൽ രണ്ടു പ്രതികളെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.  മുക്കോല -ചൊവ്വര റോഡിൽ നടന്ന സംഭവത്തിൽ കാക്കാമൂല സ്വദേശികളായ സച്ചു ( 25 ),സനു (25) എന്നിവരാണ് അറസ്റ്റിലായതെന്നു വിഴിഞ്ഞം പൊലീസ് പറഞ്ഞു. ഇരുവരും ആഴിമല ശിവക്ഷേത്രത്തിലെ ഉത്സവത്തിന് പോയി മടങ്ങിവരുന്ന വഴിയായിരുന്നു സംഭവം.

മുക്കോല ബാറിൽ വച്ച് പരിചയത്തെ തുടർന്നാണ് അപ്പുവിന്‍റെ വാഹനത്തിൽ വിഷ്ണു ലിഫ്റ്റ് ചോദിച്ചു കയറിയത്. എന്നാൽ, ചൊവ്വര ഭാഗത്ത് വച്ച് ഒരു സംഘം ആയുധങ്ങളുമായി വാഹനം തടഞ്ഞു. അപ്പുവിനെ മുൻ വൈരാഗ്യത്തിന്‍റെ പേരിൽ ആക്രമിക്കുകയായിരുന്നു. പിന്നിലിരുന്ന വിഷ്ണു ഇവരെ തടയാൻ ശ്രമിച്ചു.  ഇതോടെയാണ് വിഷ്ണുവിനെയും സംഘം വെട്ടിയതെന്നു പൊലീസ് പറഞ്ഞു. കൈയ്യിലെ അസ്‌ഥിക്കു പൊട്ടലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: