കണ്ണൂർ: കണ്ണൂർ കല്യാട് പട്ടാപകൽ വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ വഴിത്തിരിവ്. മോഷണം നടന്ന വീട്ടിലെ മരുമകളെ കർണാടകയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യ ദർഷിത(22)യെയാണ് കർണാടകയിലെ സാലിഗ്രാമത്തിലെ ലോഡ്ജിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച്ചയാണ് ദർഷിതയുടെ ഭർത്താവിന്റെ വീട്ടിൽ നിന്നും 30 പവനും നാലുലക്ഷം രൂപയും മോഷണം പോയ വിവരം അറിയുന്നത്. ദർഷിതയുടെ ഭർത്താവ് സുഭാഷ് വിദേശത്താണ്. കല്യാട്ടെ വീട്ടിൽ ദർഷിതയ്ക്കൊപ്പം ഭർതൃമാതാവ് സുമതയും ഭർതൃസഹോദരൻ സൂരജുമാണ് താമസം. ഇരുവരും വെള്ളിയാഴ്ച്ച രാവിലെ പണിക്കുപോയിരുന്നു. ദർഷിതയാണ് അവസാനം വീടുപൂട്ടി ഇറങ്ങിയത്. വൈകിട്ട് പണികഴിഞ്ഞു സുമത തിരിച്ചെത്തിയപ്പോഴാണു കവർച്ച നടന്നതായി അറിയുന്നത്.
വെള്ളിയാഴ്ച രാവിലെയാണു കല്യാട്ടെ വീട്ടിൽനിന്നു മകൾ അരുന്ധതിയുമൊത്ത് ദർഷിത സ്വന്തം നാടായ കർണാടകയിലെ ഹുൻസൂർ ബിലിക്കരെയിലേക്കു പോയത്. അന്ന് വൈകിട്ടോടെയാണ് മോഷണവിവരം അറിയുന്നത്. മകളെ സ്വന്തം വീട്ടിലാക്കിയ ശേഷമാണ് യുവതി സിദ്ധരാജുവുമൊത്ത് ലോഡ്ജിലേക്ക് പോയത്. കർണാടക പെരിയപട്ടണം സ്വദേശിയാണ് അറസ്റ്റിലായ സിദ്ധരാജു. ഇയാൾ യുവതിയുടെ സുഹൃത്താണെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ലോഡ്ജിൽവച്ചു ദർഷിതയും സിദ്ധരാജുവും തമ്മിൽ വാക്കേറ്റമുണ്ടായെന്നാണ് പൊലീസ് പറയുന്നത്. വഴക്കിനിടെ സിദ്ധരാജു, ദർഷിതയുടെ വായിൽ ഇലക്ട്രിക് ഡിറ്റനേറ്റർ തിരുകി ഷോക്കേൽപിച്ചു കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും അന്വേഷണ സംഘം പറയുന്നു
