തിരുവനന്തപുരം: പോക്സോ പരാതി മറച്ചുവെച്ച സ്കൂൾ അധികൃതർക്കെതിരെ കേസെടുത്തു. തലസ്ഥാന നഗരിയിലാണ് സംഭവം. ഇവിടുത്തെ പ്രമുഖ സ്കൂളാണ് വിദ്യാർത്ഥിനിയുടെ പീഡന പരാതി പൊലീസിനെ അറിയിക്കാതെ മറച്ചുവെക്കാൻ ശ്രമിച്ചത്. പീഡന വിവരം അറിഞ്ഞിട്ടും അധ്യാപകർ പൊലീസിനെ അറിയിച്ചില്ല. സ്കൂളിലെ കൊമേഴ്സ് അധ്യാപകനാണ് എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചത്. ഈ വിവരം തിങ്കളാഴ്ച അദ്ധ്യാപകർ അറിഞ്ഞിരുന്നു. തുടർന്ന് കുട്ടിയുടെ അമ്മ വെള്ളിയാഴ്ച പോലീസിൽ പരാതി നൽകുകയായിരുന്നു. അധ്യാപകനെതിരെയും സ്കൂളിനെതിരെയും ഫോർട്ട് പൊലീസ് കേസെടുത്തു. സ്‌കൂളിൽ വെച്ച് രണ്ട് തവണ പീഡിപ്പിച്ചെന്ന് പോലീസിന് മൊഴി നൽകി. പ്രതിയായ അധ്യാപകൻ വട്ടിയൂർക്കാവ് സ്വദേശിയാണ്. ആറ് മാസം മുൻപാണ് അധ്യാപകൻ ആദ്യമായി പീഡിപ്പിക്കുന്നത്. പിന്നീടും ഇയാൾ കുട്ടിയെ പീഡിപ്പിച്ചു. ശേഷം സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധയിൽപെട്ട അധ്യാപികയോടാണ് താൻ പീഡനത്തിനിരയായ കാര്യം കുട്ടി തുറന്നുപറയുന്നത്. അധ്യാപിക ഇക്കാര്യം സ്‌കൂൾ പ്രിൻസിപ്പലിനെ അറിയിച്ചു. എന്നാൽ, പ്രശ്നം ഒതുക്കി തീർക്കാനായിരുന്നു സ്കൂൾ അധികൃതരുടെ ശ്രമം. തുടർന്നാണ് കുട്ടിയുടെ അമ്മ പരാതി നൽകിയത്.
