പെറ്റ് ഷോപ്പില്‍ വന്‍ കവര്‍ച്ച നടത്തിയ കേസ്; പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥി ഉള്‍പ്പെടെ മൂന്ന് പേർ അറസ്റ്റിൽ

തൃശൂര്‍: തൃശൂരിലെ പെരിങ്ങാവിലെ പെറ്റ് ഷോപ്പില്‍ വന്‍ കവര്‍ച്ച നടത്തിയ കേസിൽ വിദ്യാർത്ഥി ഉൾപ്പെടെ 3 പേർ പിടിയിൽ. ബൈക്ക് മോഷണമടക്കം നിരവധി കേസില്‍ പ്രതിയായ എങ്കക്കാട് സ്വദേശി മുഹമ്മദ് ഖാസി (26), സത്യപാല്‍ (22), വടക്കാഞ്ചേരി സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥി എന്നിവരാണ് പിടിയിലായത്. ഷോപ്പിൽ നിന്ന് വിലകൂടിയ അഞ്ച് പൂച്ചകളെയും ആറ് നായകളെയും പ്രതികൾ കവർന്നു.

ഇവരില്‍ നിന്നും നാല് ദിവസം മുമ്പ് കുന്നംകുളത്തുനിന്നും മോഷണം പോയ ബൈക്ക് കണ്ടെടുത്തു. വടക്കാഞ്ചേരിയില്‍ നിന്നും തൃശൂര്‍ വെസ്റ്റ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പെരിങ്ങാവിൽ നിതീഷിന്റെ ഉടമസ്ഥതയിലുള്ള പെറ്റ് ഷോപ്പില്‍ നിന്നും വിലപിടിപ്പുള്ള വളര്‍ത്തു നായകളെയും വിദേശ ഇനത്തില്‍ പെട്ട പൂച്ചകളെയും മോഷ്ടിച്ചത്. ഒരു ലക്ഷം രൂപ വിലവരുന്ന ഇനത്തില്‍പ്പെട്ടവയാണ് മോഷണം പോയത്. മുഖം മറച്ച് കടയില്‍ കയറിയ മോഷ്ടാവിന്‍റെ ദൃശ്യം ലഭിച്ചു. കൂട് തുറന്നശേഷം നായക്കുഞ്ഞുങ്ങളെ എടുത്ത് ചെറിയ കൂട്ടിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് പൂച്ചകളെയും പിടിച്ചുകൊണ്ടുപോയി.

കടയുടമ നിതീഷ് തൃശൂർ വെസ്റ്റ് പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ബൈക്ക് മോഷണ കേസുകളിലെ പ്രതിയായ മുഹമ്മദ് ഖാസിയുടെ ദൃശ്യം സി സി ടി വിയില്‍ കണ്ടതോടെയാണ് പൊലീസ് അതിവേഗം പ്രതികളിലേക്ക് എത്തിയത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: