കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിൽ നിന്നും നടുക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്വകാര്യ ബസിൻ്റെ മുന്നിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു വിദ്യാർത്ഥിയുടെ ദൃശ്യങ്ങളാണിത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് പിഞ്ചു കുഞ്ഞിൻ്റെ ജീവൻ തിരികെ കിട്ടിയത്. ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങിയ കുട്ടി പെട്ടെന്ന് റോഡിലേക്ക് ഓടുകയായിരുന്നു. ബസ് വരുന്നത് കാണാതെ കുട്ടി റോഡിലേക്ക് പാഞ്ഞത്. എന്നാൽ കുട്ടിയെ കണ്ട ബസ് വലത്തേയ്ക്ക് തിരിച്ചതിനാൽ തലനാരിഴ വ്യത്യാസത്തിൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. തുടർന്ന് കുട്ടി ഓട്ടോയുടെ അടുത്തേക്ക് തിരിഞ്ഞോടുന്നതും ദൃശ്യങ്ങളിൽ കാണാം.
ജനുവരി 30ന് നടന്ന സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഓട്ടോ റിക്ഷയിൽ വന്നിറങ്ങിയ കുട്ടി രക്ഷിതാക്കൾ ഓട്ടോ ഡ്രൈവർക്ക് പണം നൽകുന്ന സമയത്ത് ഇറങ്ങി ഓടുകയും ബസിലിൻറെ മുന്നിൽ പെടുകയുമായിരുന്നു എന്നാണ് വിവരം. ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് ഒരു പോറൽ പോലുമേൽക്കാതെ കുട്ടിയുടെ ജീവൻ തിരിച്ച് കിട്ടാൻ കാരണമായത്


