പരപ്പനങ്ങാടി: ബൈക്കിനെ മറികടക്കവെ കണ്ടെയ്നർ ലോറി ബൈക്കിൽ ഇടിച്ചു. ബൈക്ക് യാത്രികന് ദാരുണാന്ത്യം. പരപ്പനങ്ങാടി ടൗണിലെ ഫറോഷ പർദ പാലസിലെ ജീവനക്കാരനായ അബ്ദുസമദിൻ്റെ മകൻ നമ്പുളം റോഡിനടുത്തെ സൂപ്പി മക്കാനകത്ത് 20 കാരനായ സുഹൈൽ ആണ് മരിച്ചത്. സുഹൈൽ ഓടിച്ച ബുള്ളറ്റിൽ കണ്ടയ്നർ ലോറി ഇടിക്കുകയായിരുന്നു.
പുത്തൻപീടികയിൽ ബുധനാഴ്ച വൈകീട്ടാണ് അപകടം. കണ്ടെയ്നർ ലോറി ബൈക്കിനെ മറികടക്കവെ ഇടിക്കുകയായിരുന്നു. ബൈക്കിൽ കൂടെയുണ്ടായിരുന്ന കുട്ടിയെ പ്രാഥമിക ചികിത്സക്ക് വിധേയനാക്കി.
സുബൈദയാണ് സുഹൈലിന്‍റെ മാതാവ്. ഖബറടക്കം വ്യാഴാഴ്ച പരപ്പനങ്ങാടി പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ.

