തിരുവനന്തപുരം: കഴക്കൂട്ടത്ത് കാറിനുള്ളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. പൗണ്ട്കടവ് സ്വദേശിയായ ജോസഫ് പീറ്ററാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. എസ് എൻ ജംഗ്ഷനിൽ നിർത്തിയിട്ട കാറിന്റെ പിൻസീറ്റിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ വഴിയാത്രക്കാരാണ് വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി പൊലീസിനെ അറിയിച്ചത്. പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. പിന്നീട് കാറിന്റെ ഉടമയെ കേന്ദ്രീകരിച്ച് അന്വേഷിച്ചു. ഫോണിൽ കിട്ടാത്തതിനെ തുടർന്ന് ഉടമയുടെ സഹോദരനെ കൊണ്ടുവന്നാണ് കാറിനകത്തെ മൃതദേഹം തിരിച്ചറിഞ്ഞത്.
സഹോദരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇയാളുടെ ഭാര്യയും മകനും വിദേശത്താണ്. മകൾ വിവാഹിതയായി മറ്റൊരു വീട്ടിലാണ് താമസം. തിരുവോണദിവസവും ഇയാളെ കണ്ടവരുണ്ട്. ഫോറൻസിക് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മാത്രമേ ഇയാളുടെ മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പൊലീസ് അറിയിച്ചു

