ആറ്റിങ്ങൽ: ആറ്റിങ്ങലിൽ വ്യാപാരസ്ഥാപനത്തിൻ്റെ സംഭരണശാലയിൽ തീപിടുത്തം. ആറ്റിങ്ങൽ കിഴക്കേനാലുമുക്കിൽ പ്രവർത്തിക്കുന്ന ബഡാബസാർ എന്ന വ്യാപാരകേന്ദ്രത്തിന്റെ സംഭരണശാലയിലാണ് തിങ്കളാഴ്ച്ച രാത്രി 8 മണിയോടെ വൻ തീപിടുത്തമുണ്ടായത്.

തീപിടുത്തത്തിൽ ആളപായമില്ല. ബഡാ ബസാർ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഭൂമിക്കടിയിലുള്ള നിലയിലാണ് സംഭരണശാല പ്രവർത്തിക്കുന്നത്.ആറ്റിങ്ങൽ, വർക്കല, കല്ലമ്പലം, വെഞ്ഞാറമൂട്, നെടുമങ്ങാട്, കഴക്കൂട്ടം തുടങ്ങി ജില്ലയിലെ വിവിധ ഫയർസ്റ്റേഷനുകളിൽ നിന്നുള്ള യൂണിറ്റുകൾ എത്തിയാണ് രണ്ട് മണിക്കൂറോളം പരിശ്രമിച്ചു തീ നിയന്ത്രണ വിധേയമാക്കിയത്.

തീ കത്തിതുടങ്ങിയ സംഭരണശാലയോട് ചേർന്നാണ് വാഹന പാർക്കിങ് സ്ഥലവും. പ്ലാസ്റ്റിക് ഉല്പന്നങ്ങൾ, വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, അലങ്കാരസാധനങ്ങൾ എന്നിവയെല്ലാം ഉണ്ടായിരുന്നു. വൻതീയും പുകയും ഉയരുന്നത് കണ്ടതോടെ ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നവർ വേഗത്തിൽ അവിടെ നിന്നും മാറ്റി. തുടർന്ന് ആറ്റിങ്ങൽ ഫയർസ്റ്റേഷനിൽ വിവരം അറിയിച്ചു.ഫയർ ഫോഴ്സ് എത്തിയെങ്കിലും ഷീറ്റ് കൊണ്ട് മറവ് ചെയ്ത സംഭരണശാലയ്ക്കുള്ളിലെ തീ അണയ്ക്കാൻ ഷീറ്റ് ഉൾപ്പെടെ പൊളിക്കേണ്ടി വന്നു. തീപിടുത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല.
