പനജി: അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഗോവയിൽ വാസ്‌കോഡ ഗാമയിലെ നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപത്തായാണ് വ്യാഴാഴ്ച്ച രാത്രിയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 20 കെട്ടിട നിർമ്മാണ തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരി നിർമാണത്തൊഴിലാളിയുടെ മകളാണെന്നാണ് പൊലീസ് നൽകുന്നവിവരം. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ നിർമാണമേഖലയിൽ ജോലിചെയ്യുന്ന 20 തൊഴിലാളികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും കേസിൽ ഊർജിതമായ അന്വേഷണം തുടരുകയാണെന്നും എസ്.പി. സുനിത സാവന്ത് മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് ആശുപത്രിയിൽനിന്ന് പോലീസിന് വിവരംലഭിച്ചത്. സംശയാസ്പദമായ സാഹചര്യത്തിൽ അഞ്ചുവയസ്സുകാരിയെ മരിച്ചനിലയിൽ ആശുപത്രിയിൽ എത്തിച്ചതായാണ് പോലീസിന് വിവരം കിട്ടിയത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം നടത്തിയതോടെ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും വ്യക്തമാവുകയായിരുന്നു

