‘ഗംഗയില്‍ മുക്കിയാല്‍ കാന്‍സര്‍ ഭേദമാകുമെന്ന് വിശ്വാസം’; അഞ്ചുവയസുകാരന് ദാരുണാന്ത്യം

ഡെറാഡൂൺ: കാൻസർ ഭേദമാകുമെന്ന വിശ്വാസത്തിൽ മാതാപിതാക്കൾ ഗംഗയിൽ മുക്കിയതിനെ തുടർന്ന് അഞ്ചുവയസുകാരനായ മകന് ദാരുണാന്ത്യം. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനോടകം തന്നെ മരണം സംഭവിച്ചതായി ഡോകർമാർ സ്ഥിരീകരിച്ചു.

ഹരിദ്വാറിലെ ഹർ കി പൗരിയിൽ ബുധനാഴ്ചയാണ് സംഭവം. ഡൽഹിയിൽ നിന്നുള്ള കുടുംബമാണ് ഹർ കി പൗരിയിൽ എത്തിയത്. മറ്റൊരു കുടുംബത്തിലെ അംഗത്തിനൊപ്പമാണ് മാതാപിതാക്കളും കുട്ടിയും ഗംഗാതീരത്ത് എത്തിയത്. കുട്ടിയുടെ മൃതദേഹത്തിന് അരികിൽ അമ്മ ഇരിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്. ‘കുട്ടി ഉടൻ തന്നെ എഴുന്നേൽക്കും അത് എൻ്റെ ഉറപ്പാണ്’- എന്ന തരത്തിൽ പരസ്പര വിരുദ്ധമായാണ് കുട്ടിയുടെ അമ്മ ഇതിന് പിന്നാലെ സംസാരിച്ചത്.

കുട്ടി രക്താർബുദത്തിന് ചികിത്സയിലായിരുന്നു. ഗംഗാ നദിയിൽ സ്ന‌ാനം നടത്തിയാൽ കുട്ടിയുടെ അസുഖം മാറുമെന്ന വിശ്വാസത്തിലാണ് മാതാപിതാക്കൾ ഇവിടെ എത്തിയത് എന്ന് പൊലീസ് പറയുന്നു. കുട്ടിയെ ചികിത്സിക്കാൻ ഡോക്‌ടർമാരെ കാണിച്ചെങ്കിലും പ്രതീക്ഷ കൈവിട്ട നിലയിലായിരുന്നു അവരുടെ പ്രതികരണമെന്ന് മാതാപിതാക്കൾ മൊഴി നൽകിയതായി എസ്‌പി സ്വതന്ത്ര കുമാർ സിങ് പറയുന്നു. ഇതിനെ തുടർന്ന് എങ്ങനെയെങ്കിലും മകൻ്റെ അസുഖം മാറാൻ ഗംഗയിൽ കുട്ടിയുടെ സ്നാനം നടത്താൻ കുടുംബം തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഗംഗയിൽ മുക്കിയാൽ അസുഖം മാറുമെന്ന് മറ്റുള്ളവർ പറഞ്ഞത് കേട്ടാണ് മാതാപിതാക്കൾ ഇതിന് മുതിർന്നത്. ഡൽഹിയിൽ നിന്ന് കാറിൽ കയറുമ്പോൾ മുതൽ കുട്ടി അവശനിലയിലായിരുന്നുവെന്ന് ടാക്സി ഡ്രൈവർ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: