മലപ്പുറം: കൊണ്ടോട്ടിയിൽ ചികിത്സയ്ക്കിടെ നാലുവയസുകാരൻ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. അനസ്‌തേഷ്യ മാനദണ്ഡം പാലിക്കാതിരുന്നതിനാണ് മരണത്തിന് കാരണമായത്. ജൂൺ ഒന്നിനാണ് കൊണ്ടോട്ടിയിൽ സ്വകാര്യ ആശുപത്രിയിൽ വച്ച് അരിമ്പ്ര സ്വദേശിയായ നിസാറിന്റെ മകൻ മുഹമ്മദ് ഷാനിൽ മരിച്ചത്. മുറിവിന് സ്റ്റിച്ചിടാൻ അനസ്തേഷ്യ നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. അനസ്തേഷ്യ നല്‍കി അല്പസമയത്തിന് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു.
സംഭവത്തില്‍ ഗുരുതര ആരോപണവുമായി നാല് വയസുകാരന്‍റെ അമ്മ രംഗത്തെത്തി. ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ നടപടി വേണമെന്ന് കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. കുഞ്ഞിന് മറ്റ് അസുഖങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. കുഞ്ഞ് മരിച്ച വിവരം ആശുപത്രി അധികൃതര്‍ മറച്ചുവച്ചെന്നും ആംബുലന്‍സില്‍ വെച്ചാണ് കുഞ്ഞ് മരിച്ചതെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നും കുട്ടിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

