മദ്യം വാങ്ങിനല്‍കാന്‍ വൈകിയതിന് സുഹൃത്തിന്റെ തലയിടിച്ച് പൊട്ടിച്ചു; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

തിരുവനന്തപുരം: വലിയതുറയിൽ സുഹൃത്തിന്റെ തലയിടിച്ച് പൊട്ടിച്ചയാൾ അറസ്റ്റിൽ. ആവശ്യപ്പെട്ട മദ്യം വാങ്ങി നല്കാൻ വൈകിയതാണ് കാരണം. വലിയതുറ ഫാത്തിമ മാതാ പളളിറോഡില്‍ ചുളള അനി എന്ന അനില്‍കുമാറിനെ(51)ആണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തതായി പോലീസ് അറിയിച്ചു. വലിയതുറ ശ്രീചിത്തിര നഗര്‍ റിതി ഭവനില്‍ ബൈജുവിന് (50) ആണ് അടിയേറ്റത്.

തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെ ചിത്തിര നഗറിനടുത്തുളള ഷെഡിലായിരുന്നു സംഭവം. സുഹ്യത്തുക്കളായ ഇരുവരും സംസാരിച്ച് നില്‍ക്കവെ പ്രതി പെട്ടെന്ന് തനിക്ക് മദ്യം വാങ്ങിതരണമെന്ന് ആവശ്യപ്പെട്ടു. ഇതിന് വഴങ്ങാത്തതിനും സമയം വൈകിച്ചുവെന്ന് ആരോപിച്ചുമാണ് അനില്‍ ഷെഡില്‍ നിന്നും തടിക്കഷണമെടുത്ത് ബൈജുവിന്റെ തലയടിച്ച് പൊട്ടിച്ചത്.

വീണ്ടും അടിക്കാന്‍ ശ്രമിച്ചത് തടഞ്ഞപ്പോള്‍ ബൈജുവിന്റെ ഇടതു കൈയിലെ ചെറുവിലരും അടിയേറ്റ് ഒടിഞ്ഞു. താഴെ വീണ ഇയാളുടെ മുതുകിലും കാലിലും ചവിട്ടിയും പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ബൈജു നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം കടന്നുകളഞ്ഞ പ്രതിയെ വളളക്കടവ് ഭാഗത്ത് നിന്ന് എസ്.എച്ച്.ഒ അശോക് കുമാര്‍, എസ്.ഐ.മാരായ അംബരീഷ്, ശ്യാമകുമാരി എന്നിവരുള്‍പ്പെട്ട സംഘമാണ് അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: