കുവൈത്ത് സിറ്റി : കുവൈത്തിൽ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചു. സാൽമിയയിലെ ഒരു അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിലാണ് ഒരാൾക്ക് ജീവൻ നഷ്ടമായത്. തീ പടരുന്നത് കണ്ട രക്ഷപെടാനായി ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്നും വീണായിരുന്നു മരണം.
തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വിവരം അറിയിച്ചതോടെ സാൽമിയ, അൽ-ബിദ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കി. കൂടുതൽ സ്ഥലങ്ങളിലേക്ക് തീ വ്യാപിക്കും മുൻപ് തന്നെ രക്ഷാപ്രവർത്തനം നടത്താൻ ഫയർഫോഴ്‌സ് സംഘത്തിന് കഴിഞ്ഞു. തീപിടിത്തമുണ്ടാകാനുള്ള കാരണം സംബന്ധിച്ചുള്ള അന്വേഷണം ബന്ധപ്പെട്ട അധികാരികൾ ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
