തിരൂർ: ബി.പി അങ്ങാടി വലിയനേർച്ചക്കിടെ ഇടഞ്ഞ ആന തുമ്പിക്കൈയിൽ തൂക്കിയെറിഞ്ഞയാൾ മരിച്ചു. തിരൂർ ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിനു സമീപം താമസിക്കുന്ന പൊട്ടച്ചോലെപടി കൃഷ്ണൻകുട്ടി (55) ആണ് മരിച്ചത്. തിരൂർ ഏഴൂർ സ്വദേശിയായ ഇയാൾ പാചകക്കാരനാണ്. ആന തുമ്പിക്കൈയിൽ തൂക്കി എറിഞ്ഞതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പകൽ പതിനൊന്നരയോടെയാണ് മരണം സംഭവിച്ചത്.
ബി.പി. അങ്ങാടി വലിയനേർച്ചയുടെ സമാപന ദിവസമാണ് പാക്കത്ത് ശ്രീകുട്ടൻ എന്ന ആന ഇടഞ്ഞത്. നേർച്ചയ്ക്കിടെ ജാറത്തിന് മുൻപിൽ വെച്ച് പോത്തന്നൂർ പൗരസമിതിയുടെ പെട്ടിവരവിൽ അണിനിരന്ന ആന അക്രമാസക്തനാകുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് ജാറത്തിനു മുൻപിൽ അണിനിരന്ന അഞ്ച് ആനകളിലൊന്നായ പാക്കത്ത് ശ്രീക്കുട്ടൻ ഇടഞ്ഞത്. ബുധനാഴ്ച പുലർച്ചെ 2.15-ഓടെ ആനയെ തളച്ചു. സംഭവത്തിൽ പാപ്പാനെതിരേ തിരൂർ പോലീസ് കേസെടുത്തിരുന്നു.
28 പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്.ഇതിൽ പൂഴിങ്കുന്ന് കാളിയൂടെ വീട്ടിൽ രാഹുൽ (33) എന്നയാളുടെ പരിക്ക് ഗുരുതരമാണ്. ഇയാൾ ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവരുടെ പരിക്ക് ഗുരതരമല്ല. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആന മുൻപും ഉത്സവങ്ങളിൽ അക്രമമുണ്ടാക്കിയിട്ടുണ്ട്. 2024-ൽ കോഴിക്കോട് കൊയിലാണ്ടിയിലും 2023-ൽ കുന്നംകുളത്തുമാണ് സമാനമായി അക്രമമുണ്ടാക്കിയിട്ടുള്ളത്. അന്നല്ലൊം മണിക്കൂറുകൾ കഴിഞ്ഞാണ് ആനയെ തളയ്ക്കാനായത്. അതേസമയം തിരൂരിൽ അക്രമം കാട്ടിയെങ്കിലും പെട്ടെന്നുതന്നെ ശാന്തനായി.
പ്രേമയാണ് കൃഷ്ണൻകുട്ടിയുടെ ഭാര്യ: മക്കൾ: അഭിജിത്ത്, അജിത്ത്, സഹോദരങ്ങൾ: ചക്കൻ, പരേതനായ രാജൻ, ഉണ്ണി, ചേവി, ദാസൻ, പുഷ്പ, ജയ, ദേവകി, സരോജിനി
