തിരുവനന്തപുരം: കൂവക്കുടിയിൽ അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ കൂവക്കുടി പാലത്തിന് സമീപമായിരുന്നു അപകടമുണ്ടായത്. കണ്ണമ്പള്ളി ലളിത ഭവനിൽ ബിജു(42) ആണ് മരിച്ചത്. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് റോഡരികിൽ ലൈറ്റുകളിട്ടുകൊണ്ടിരിക്കുകയായിരുന്നു ബിജു. ഈ സമയം വെള്ളനാട്ട് നിന്ന് നെടുമങ്ങാട്ടേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ബിജുവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
കാർ ബിജുവിനെ ഇടിച്ച ശേഷം സമീപത്തെ കടയുടെ മുൻവശവും തകർത്തു. പിന്നീട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന മിനി ലോറിയിൽ ഇടിച്ചാണ് കാർ നിന്നത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ബിജു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്
