കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ വയോധികന് തടവ് ശിക്ഷ. പുതുപ്പാടി കണ്ണപ്പൻകുണ്ട് കളത്തിൽവീട്ടിൽ കാസി(67)മിനെയാണ് ഒൻപത് വർഷം കഠിനതടവിന് ശിക്ഷിച്ചത്. പ്രതി 30,000 രൂപ പിഴ പിഴ ഒടുക്കിയില്ലെങ്കിൽ ആറ് മാസം കൂടി തടവ് അനുഭവിക്കണമെന്നും ഒടുക്കണമെന്നും കോഴിക്കോട് അതിവേഗ പോക്‌സോ കോടതി ജഡ്ജ് അമ്പിളിയുടെ ശിക്ഷാവിധിയിൽ പറയുന്നു. പിഴ സംഖ്യ അതിക്രമത്തിന് ഇരയായ പെൺകുട്ടിക്ക് നൽകണം.
2022 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിമൂന്നുകാരിയായ പെൺകുട്ടിയെ പ്രതി വീടിന് സമീപത്തെ കാലിത്തൊഴുത്തിൽ വെച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് പണം നൽകി പ്രലോഭിപ്പിക്കുകയും സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. താമരശ്ശേരി പൊലീസ് എസ്.ഐ വി.എസ് സനൂജ് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ആർ.എൻ രഞ്ജിത്ത് ഹാജരായി.

