നവജാത ശിശുവിനെ പാറമടയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. തിരുവാണിയൂർ സ്വദേശിനി ശാലിനിയെയാണ് എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമൻ ജീവപര്യന്തം തടവിനും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
ഭർത്താവുമായി അകന്നു കഴിഞ്ഞ സമയത്ത് ഗർഭിണിയായ യുവതി പ്രസവശേഷം കുട്ടിയെ ഷട്ടിൽ പൊതിഞ്ഞ കല്ലുകെട്ടി പാറമടയിൽ എറിയുകയായിരുന്നു. പ്രസവശേഷം അവശനിലയിൽ ആയ ശാലിനിയെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പുത്തൻ കുരിശു പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നിലവിൽ ശിക്ഷ വിധിച്ചിരിക്കുന്നത്.
വർഷങ്ങളായി ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു ശാലിനി. ഇവർക്ക് വേറെയും നാല് മക്കളുണ്ട്. ഇതിനിടെയാണ് വീണ്ടും ഗർഭിണിയായത്. വിവരം പുറത്തുവരാതിരിക്കാനാണ് കുഞ്ഞിനെ പ്രസവിച്ച ശേഷം കൊലപ്പെടുത്തിയതെന്ന് ശാലിനി പൊലീസിന് മൊഴി നൽകിയിരുന്നു. ചാപിള്ളയായതിനാൽ കൊന്നുവെന്നായിരുന്നു ആദ്യ മൊഴി. എന്നാൽ ഷർട്ടിൽ പൊതിഞ്ഞ് കല്ലുകെട്ടി പാറമടയിലേക്ക് എറിഞ്ഞതാണെന്ന് വീണ്ടും മൊഴി മാറ്റിപ്പറഞ്ഞു. രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു പ്രതി.

